കണ്ണൂർ: കണ്ണൂരിലെ ബസിലെ ആദികടലായി-കുന്നുംകൈ റൂട്ടിൽ ഓടുന്ന ശ്രീസുന്ദരേശ്വര ബസ് ഈ ‘ക്ലീനർ താത്ത’യ്ക്ക് കുടുംബകാര്യമാണ്. മറ്റ് ബസുകളിൽ നിന്നും വ്യത്യസ്തമായി, അവസാന യാത്രക്കാരനും കയറിയ ശേഷം, വാതിലിന് മുകളിലൂടെ തലപുറത്തേക്കിട്ട് ഇനി ആരെങ്കിലും കയറാനോ ഇറങ്ങാനോ ഉണ്ടോയെന്ന് നോക്കി ഡോർ അടച്ച് ഡബിൾ ബെൽ കൊടുക്കുന്നത് ഇവിടെ മൈലാഞ്ചിയണിഞ്ഞ് ഈ കൈകളാണ്. കഴിഞ്ഞ 10 വർഷമായി കണ്ണൂർ ആദികടലായി-കുന്നുംകൈ റൂട്ടിലെ ശ്രീസുന്ദരേശ്വര ബസിന്റെ ഓട്ടം തുടങ്ങുന്നത് റെജിമോൾ എന്ന കിളി നൽകുന്ന ഡബ്ബിൾ ബെൽ കേട്ടാണ്.
കറുത്ത പർദയണിഞ്ഞ് ബസിന്റെ പിൻവാതിലിൽ സുരക്ഷയുടെ മണിമുഴക്കുന്ന മൈലാഞ്ചിയണിഞ്ഞ കൈകൾ ഉടമയും ക്ലീനറുമായ റെജിമോളുടേതാണ്. പേരിൽ മോളുണ്ടെങ്കിലും കണ്ണൂരുകാർക്ക് ഇവർ ക്ലീനർ താത്തയാണ്.
സ്‌കൂൾ കുട്ടികൾ മുതൽ അപ്പൂപ്പന്മാർവരെ വിളിക്കുന്നത് ക്ലീനർ താത്തയെന്നാണ്. ഈ ബസ് റെജി മോൾക്ക് കുടുംബകാര്യമാണെന്ന് പറഞ്ഞത് തമാശയല്ല. ഭർത്താവ് മുഹമ്മദ് ഇതേ ബസിലെ ഡ്രൈവറായും മകൻ അജ്‌വദ് കണ്ടക്ടറായും ബസിനകത്തു തന്നെയുണ്ട്. കണക്കുകൾ മാത്രം നോക്കി ബസ് മുതലാളിയായി ഇരിക്കാൻ സാധിക്കാത്ത വണ്ണം സ്വകാര്യ ബസ് സർവീസ് നഷ്ടക്കച്ചവടമായതോടെ ക്ലീനർ വേഷം അണിയുകയാണ് റെജി മോൾ ഇന്നും.
Discussion about this post