കോഴിക്കോട്: സംഘര്‍ഷമുണ്ടായ പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍. ഇനിയൊരു ഉത്തരവുണ്ടാകുന്നവരെ പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് അടച്ചിടാന്‍ ആണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം പഞ്ചായത്തിലെ 15, 5 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റിലും നാലോ അതിലധികമോ ആളുകള്‍ ഒത്തുചേരുന്നത് സിആര്‍പിസി 144 പ്രകാരം നിരോധിച്ചു.
സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേരുടെയും പട്ടിക തയ്യാറാക്കാന്‍ റൂറല്‍ പോലിസ് മേധാവിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം ഇന്ന് മീന്‍മാര്‍ക്കറ്റില്‍ ഏറ്റുമുട്ടിയ മുഴുവന്‍ പേരും റൂം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും ഇവര്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന് വാര്‍ഡ് ആആര്‍ടികള്‍ ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ അറിയിച്ചു. ഇതിനു പുറമെ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും കോവിഡ് ടെസ്റ്റ് നടത്താനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് മീന്‍വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നു സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര ടൗണില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ പുലര്‍ച്ചെ മത്സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ലീഗ് പ്രവര്‍ത്തകര്‍ മീന്‍ വില്‍ക്കാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും പുറത്തു നിന്നും ആളെ എത്തിച്ച് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.