നമ്മുടെ സമൂഹം സ്ത്രീപക്ഷമല്ലെന്ന പകൽ പോലെ വ്യക്തമായ യാഥാർത്ഥ്യത്തിന്റെ പുറത്താണ് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ളവ പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിവിധ പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീകളോടുള്ള സമൂഹത്തിന്റെ അനീതി കുറയ്ക്കാനായി നിരന്തരം നിയമനിർമ്മാണങ്ങളും നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലും പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന വേദന എന്ന ലേബലിൽ വീഡിയോ ചെയ്ത് സോഷ്യൽമീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയാണ് ഡോ. വിവേക് എന്ന മല്ലു അനലിസ്റ്റ്.
പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ എന്ന പേരിൽ മല്ലു അനലിസ്റ്റ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. വിവേക് സിനിമകളെ കേന്ദ്രീകരിച്ച് ചെയ്ത മുൻവീഡിയോകൾ ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെ നിരവധി വിഷയങ്ങളിൽ മല്ലു അനലിസ്റ്റിന്റെ വീഡിയോ എത്തുകയും ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ സ്ത്രീകളെ പോലെ തന്നെ പുരുഷാധിപത്യ സമൂഹുത്തിൽ പുരുഷൻമാരും ദുരിതങ്ങൾ അനുഭവിക്കുന്നുണ്ടെന്ന ആശയത്തിലൂന്നിയായിരുന്നു പുതിയ വീഡിയോ.
പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ സന്തോഷവാനാണെന്നാണ് പലരും കരുതുന്നത്. അവർക്ക് പ്രശ്‌നങ്ങളില്ലെന്നും കരുതുന്നു. പഠനങ്ങളും അനുഭവങ്ങളും പുരുഷാധിപത്യ സമൂഹത്തിൽ പുരുഷന്മാർ കുടുംബ ഭാരം ചുമക്കുക ഉൾപ്പടെയുള്ള ഒരുപാട് പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നുമായിരുന്നു വിവേകിന്റെ നിരീക്ഷണം.
അതേസമയം, സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് വീഡിയോയിൽ ഒളിഞ്ഞിരിക്കുന്നത്. സംവരണം കാരണം ഞങ്ങളുടെ അവസരം നഷ്ടപ്പെട്ടെന്ന് പറയുന്ന സവർണ്ണ രോദനങ്ങൾ പോലെയാണ് പാട്രിയാർക്കിയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്ന പുരുഷന്മാരെ പറ്റിയുള്ള മല്ലൂ അനലിസ്റ്റ് വീഡിയോ എന്നാണ് മിക്കവരും വിമർശിക്കുന്നത്.