തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തി വരുന്ന വഴിയോര മത്സ്യക്കച്ചവടത്തിന് നിരോധനം ഏര്‍പ്പെടുത്തി. കൊവിഡ് ദിനംപ്രതി ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വിലകുറച്ച് ലഭിക്കുമെന്നതിനാല്‍ വഴിയോര മത്സ്യ കച്ചവടം നടത്തുന്ന സ്ഥലങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഈ സാഹചര്യത്തില്‍ അനുവദിക്കാന്‍ കഴിയില്ല. അതിനാലാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിക്കുന്നു.
അതേസമയം, ഇന്നലെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്നും ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം ദനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയേക്കും.
നിലവില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങരുതെന്നും ഇത്തവണ ഓണം വീടുകളിലിരുന്ന് ആഘോഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പൂക്കളമൊരുക്കാനും മറ്റും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കള്‍ ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രോഗവ്യാപന സാധ്യത കൂടിയതിനാലാണ് ഈ തീരുമാനം. പ്രാദേശികമായി ലഭിക്കുന്ന പൂക്കള്‍ മാത്രം ഓണാഘോഷത്തിന് ഉപയോഗിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post