തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ട പ്രമാണം സ്വദേശി പുരുഷോത്തമന് (70), കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി.എന്‍ ചന്ദ്രന് (74), കാസര്‍കോട് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേയാണ് ഇയ്യക്കാട് സ്വദേശി വിജയകുമാര്‍ മരിച്ചത്. വൃക്കരോഗിയായിരുന്ന ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെച്ചിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പത്തനംതിട്ടയില്‍ മരിച്ച പുരുഷോത്തമന് ഈ മാസം 14ന് ആണ് രോഗം സ്ഥിരീകരിച്ചത്. പ്രായാധാധിക്യം മൂലമുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കോട്ടയം സ്വദേശി ചന്ദ്രന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പ്രായത്തിന്റെ അവശതകളല്ലാതെ മറ്റ് അസുഖങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കോട്ടയം ജില്ലയില്‍ കൊവിഡ് ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ മരിച്ചത്.ഇയാളുടെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് കൊവിഡ് മരണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 53 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊത്തം കൊവിഡ് മരണം 182 ആണ്. ഇതില്‍ തന്നെ 106 മരണങ്ങള് ആഗസ്ത് മാസത്തിലെ 19 ദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Discussion about this post