വയനാട്: സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പര്‍മാര്‍ക്കറ്റില്‍ മറിച്ചു വില്‍ക്കാന്‍ ശ്രമം. അധ്യാപകരുടെ നേതൃത്വത്തിലാണ് അരി മറിച്ചു വില്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നത്. മാനന്തവാടി കല്ലോടി സെന്റ്മ ജോസഫ് യുപി സ്‌കൂളിലാണ് സംഭവം. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അരി സിവില്‍ സപ്ലൈസ് അധികൃതര്‍ ഏറ്റെടുക്കുകയും ചെയ്തു.
386 കിലോ അരിയാണ് കല്ലോടി സെന്റ്ത ജോസഫ് സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാലാംമൈലിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. വിവരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സിവില്‍ സപ്ലെയ്‌സ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റി. ലോക്ഡൗണ്‍ കാലത്ത് മിച്ചം വന്ന അരിയാണ് വില്‍ക്കാന്‍ ശ്രമിച്ചത്.
അതേസമയം, ഓണ്‍ലൈന്‍ പഠനത്തിന് ടിവിയും മൊബൈല്‍ ഫോണുകളും വാങ്ങിയ ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്ന പണത്തിന് വേണ്ടി വിദ്യാത്ഥികളില്‍ നിന്ന് സമാഹരിച്ച അരിയാണ് വില്‍പ്പന നടത്തിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എല്‍പി സ്‌കൂളില്‍ ഒരു കുട്ടിക്ക് 4 ഉം യുപിയില്‍ 6 കിലോയും അരിയാണ് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ അനുവദിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി.