ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പെട്ടിമുടിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ പുഴയോരത്ത് നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കിട്ടിയത്. പുഴയോരത്ത് മരക്കൊമ്പില്‍ തങ്ങി നില്‍ക്കുകയായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നു. ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെയാണ്.
പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാരാനാണ് സര്‍ക്കാര്‍ തീരുമാനം.
ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഒരു ലക്ഷം സഹായധനം നല്‍കും.
Discussion about this post