സംസ്ഥാനത്തെ സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കില്ല; ഓൺലൈൻ പഠനം കാര്യക്ഷമമാക്കും: കരിക്കുലം കമ്മിറ്റി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണെങ്കിലും സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ സ്‌കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും കമ്മിറ്റി നിർദേശിച്ചു. ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്‌സിഇആർടി ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ അത് വലിയ സാങ്കേതിക പ്രശ് നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടർക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്‌നത്തിന് കാരണമാകും. ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്കു തടസങ്ങളുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി.

പരമാവധി ഓൺലൈൻ ക്ലാസുകൾ നടത്തി ഇത് മറികടക്കാനാണ് നിലവിലെ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

കൂടുതൽ ക്ലാസുകൾ നടത്തുന്നതിനെക്കുറിച്ചും പാഠ്യസഹായം നൽകുന്നതിനെക്കുറിച്ചും വർക്ക്ഷീറ്റുകൾ അടക്കമുള്ളവ വീടുകളിൽ എത്തിച്ചു നൽകുന്നതിനെക്കുറിച്ചും വിശദമായ ചർച്ചയാണ് ഇന്നത്തെ യോഗത്തിലുണ്ടായത്.

Exit mobile version