കൊച്ചി: വിശപ്പറിയാതെ പുതുതലമുറയിലെ കുഞ്ഞുങ്ങള്‍ വളരുന്നതാണ് തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് നടന്‍ ഹരിശ്രീ അശോകന്‍. വിശപ്പ് ഭക്ഷിച്ചാണ് താനൊക്കെ വളര്‍ന്നത്. ഇന്ന് മാതാപിതാക്കള്‍ മക്കളുടെ സന്തോഷത്തിനായാണ് ജീവിക്കുന്നത്. അതിനാല്‍ അവരുടെ ഏതാഗ്രഹവും അവര്‍ സാധിച്ചു നല്‍കുന്നു. ആഗ്രഹങ്ങള്‍ സാധിച്ചു നല്‍കുന്ന മാതാപിതാക്കള്‍ മക്കളെ കൃത്യമായി നിരീക്ഷിക്കാനും സമയം കണ്ടെത്തണം. കുട്ടികളെ വഴക്കു പറയുന്ന രീതി മാറ്റി ശാസനാ രീതി വിട്ട് സ്നേഹ പൂര്‍വ്വം ഇടപഴകാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ലൈബ്രററികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടന്ന കമ്പ്യൂട്ടര്‍ വിതരണോദ്ഘാടനം ഹരിശ്രീ അശോകന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തന മികവിനായി ജില്ലാ പഞ്ചായത്ത് നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് സ്വയ രക്ഷക്കായുള്ള കളരി അടക്കമുള്ള ആയോധന മുറകള്‍ സ്‌കൂളുകളില്‍ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികളും ഉടന്‍ നടപ്പാക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഎ അബ്ദുള്‍ മുത്തലിബ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സികെ അയ്യപ്പന്‍ കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ജാന്‍ സി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിവി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.