കോഴിക്കോട്: പെരുന്നാൾ ദിനത്തിൽ പെരിങ്ങളം സ്വദേശി റംലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നാസറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
പെരുന്നാൾ ദിനത്തിൽ മഞ്ചേരി തിരുവാലി സ്വദേശി നാസർ കത്തികൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും ഭാര്യ റംലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 സെപ്തംബർ ഒന്നിനായിരുന്നു സംഭവം. കേസിൽ നാസർ കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് 13ന് കോടതി വിധിച്ചിരുന്നു. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമ മറിയംബിയാണ് കേസിൽ നിർണായകമായ മൊഴി നൽകിയത്.
റംല ജോലി ചെയ്തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. പെരുന്നാൾ ദിനത്തിലും ജോലിക്ക് പോയ റംല ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നാസർ വഴക്കിടുകയും ഉപദ്രവിക്കുകയുമായിരുന്നു. ജോലിക്ക് പോകാത്ത ഇയാൾ റംലയുടെ പക്കൽ നിന്ന് സ്ഥിരമായി പണം വാങ്ങുന്നതും പതിവായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. കുന്നമംഗലം പെരിങ്ങളം തടമ്പാട്ടിൽതാഴം വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. ബഹളംകേട്ട് വീട്ടുടമ മറിയംബി ഓടിയെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നിൽക്കുന്ന നാസറിനെയും കണ്ടതായി ഇവർ മൊഴി നൽകിയിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ ഈ മൊഴി നിർണായകമായി. 31 സാക്ഷികളെ കോടതി വിസ്തരിച്ചു. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന് കോഴിക്കോട് മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് ജഡ്ജ് കെഎസ് അംബിക കണ്ടത്തി. ചേവായൂർ സിഐയായിരുന്ന കെകെ ബിജുവാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക് ഹാജരായി.
Discussion about this post