തിരുവനന്തപുരം: രണ്ടുഘട്ടമായി പിഎസ്‌സി പരീക്ഷകൾ നടത്തുമ്പോൾ പരീക്ഷാ ക്രമക്കേടുകൾ തടയാനാകുമെന്ന് ചെയർമാൻ എംകെ സക്കീർ. വിമർശനങ്ങൾക്കുള്ള മറുപടി മാത്രമല്ല, കാലഘട്ടത്തിന്റെ ആവശ്യംകൂടി പരിഗണിച്ചാണ് പുതിയ പരിഷ്‌കരണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
പുതിയ രീതിയിലുള്ള പരീക്ഷാഘടന ഉടൻ തന്നെ പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ളവർക്ക് വെവ്വേറെ തലത്തിലുള്ള ചോദ്യരീതിയായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക.
റാങ്ക്‌ലിസ്റ്റിൽ ഒരുപാടുപേരെ ഉൾപ്പെടുത്തുന്നതിനു പകരം ഒഴിവുകൾക്ക് അനുസൃതമായ രീതിയിൽ പട്ടിക തയ്യാറാക്കുകയെന്ന രീതിയാവും ഇനി സ്വീകരിക്കുക. ഒരുകോടിയോളം ഉദ്യോഗാർത്ഥികളാണ് 2019ൽ പിഎസ്‌സിയുടെ വിവിധ പരീക്ഷകൾക്കായി അപേക്ഷിച്ചത്. ഇത് ഇനിയും വർധിക്കാനിടയുണ്ടെന്നും ചെയർമാൻ പറഞ്ഞു.