കാസര്‍ഗോഡ്: ഗാന്ധിജിക്ക് കത്തെഴുതി കൊച്ചുമിടുക്കന്‍ ഹരിശങ്കര്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം നടന്ന ആഘോഷങ്ങള്‍ അറിയാന്‍ താല്പര്യമുണ്ട് എന്നു പറഞ്ഞുകൊണ്ടാണ് ഹരിശങ്കറിന്റെ കത്ത് തുടങ്ങുന്നത്. അമ്മ സ്മിതാ സന്തോഷ് പങ്കുവെച്ച ഹരിശങ്കറിന്റെ കത്ത് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മൂന്നാം ക്ലാസുകാരനായ ഹരിശങ്കറിന് സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് ഗാന്ധിജിക്ക് കത്ത് എഴുതാനുള്ള അസൈന്‍മെന്റ് ടീച്ചര്‍ നല്‍കിയത്. എന്നാല്‍ വെറുതെ ഒരു കൗതുകത്തിനായി എഴുതിയ കത്തല്ലായിരുന്നു ഹരിശങ്കറിന്റേത്.
തന്റെ കുഞ്ഞു മനസ്സില്‍ സമൂഹത്തെക്കുറിച്ച് ഉണ്ടായിരുന്ന ചിന്തകളും വിഷമങ്ങളുമൊക്കെയാണ് ഈ മിടുക്കന്‍ കത്തിലൂടെ പങ്കുവെച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം നടന്ന ആഘോഷങ്ങള്‍ അറിയാന്‍ താല്പര്യമുണ്ടെന്നും ഇപ്പോഴുള്ളവര്‍ക്ക് ഒന്നിനോടും ആത്മാര്‍ത്ഥതയില്ല എന്നും എല്ലാവര്‍ക്കും പണം മാത്രമാണ് പ്രധാനം എന്നും ഹരിശങ്കര്‍ കത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.
ഇന്ത്യ നേരിടുന്ന മാലിന്യ പ്രശ്‌നത്തെക്കുറിച്ചും കൊറോണാ വൈറസിനെക്കുറിച്ചും എല്ലാം ഗാന്ധിജിക്ക് പറഞ്ഞു കൊടുക്കുകയാണ് ഈ മിടുക്കന്‍. ഈ പ്രശ്‌നങ്ങളില്‍ നിന്ന് എല്ലാം മാറി ഇന്ത്യ പഴയ ഇന്ത്യ ആവാന്‍ എന്തെങ്കിലും ഒരു ഉപായം ഉണ്ടോ എന്നതാണ് ഗാന്ധിജിയോടുള്ള ചോദ്യം.
ഇതൊക്കെ പരിഹരിക്കാന്‍ തന്നെ കൊണ്ട് ചെയ്യാനാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത് അറിയുന്നതിന് വേണ്ടിയാണ് കത്തെഴുതുന്നതെന്നും ഈ കൊച്ചുമിടുക്കന്‍ പറയുന്നു. കാസര്‍ഗോഡ് ജില്ലയിലെ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഹരിശങ്കര്‍. ചെറുപ്രായത്തില്‍ തന്നെ എഴുത്തില്‍ അതീവ താല്‍പര്യമാണ് ഹരിശങ്കറിന്.