കാസര്‍കോട്: 20 വര്‍ഷം മുമ്പ് കാണാതായ പൊന്നുകൊണ്ടുള്ള ജിമിക്കിക്കമ്മല് തിരികെ കിട്ടിയ സന്തോഷത്തിലാണ് ബേഡഡുക്ക കുണ്ടംപാറയിലെ നാരായണി (85). കഴിഞ്ഞ ദിവസം നാരായണിയുടെ സ്ഥലത്തു തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബേബിക്കും സംഘത്തിനുമാണ് കമ്മല്‍ ലഭിച്ചത്.
നാരായണിയുടെ കല്യാണത്തിനു മാതാപിതാക്കള്‍ വാങ്ങിയ ജിമിക്കി കമ്മലായിരുന്നു ഇത്. തന്റെ അറുപത്തിയഞ്ചാം വയസ്സിലായിരുന്നു നാരായണിക്ക് കമ്മല്‍ നഷ്ടമായത്. കമ്മല്‍ നഷ്ടപ്പെടുമ്പോള്‍ പവന് 4000 രൂപയില്‍ താഴെയായിരുന്നു വില. എന്നാല്‍ അത് തിരികെ കിട്ടിയപ്പോള്‍ വില 40,000 രൂപയ്ക്ക് അടുത്തെത്തി.
വീട്ടിലെ കിണറിനു സമീപത്തായി നഷ്ടപ്പെട്ട നാരായണിയുടെ ജിമിക്കികമ്മല്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ബേബിക്കും സംഘത്തിനും സമീപത്തു കരനെല്‍ക്കൃഷിക്കു മണ്ണൊരുക്കുമ്പോഴാണ് കിട്ടിയത്. കിണറിനടുത്തെ മണ്ണ് കുറച്ചു നാള് മുന്‍പ് മണ്ണു മാന്തി ഉപയോഗിച്ച് കമ്മല്‍ കണ്ടെത്തിയ സ്ഥലത്തേക്കു മാറ്റിയിരുന്നു.
”മൂന്നുപറ നെല്ല് സ്വര്ണപ്പണിക്കാര്ക്കു കൊടുത്താണ് അന്നു ഇതു വാങ്ങിയത്. കല്യാണത്തിന് അച്ഛനും അമ്മയും തന്നതാണ്. അതു കളഞ്ഞു പോയത് എന്റെ ജീവിതത്തിലെ വലിയ സങ്കടമായിരുന്നു. 65 വയസ്സുള്ളപ്പോഴാണതു പോയത്. എന്റെ സങ്കടം കണ്ടപ്പോ വീട്ടുകാര്‍ അതേ രൂപത്തിലൊരു കമ്മല്‍ വാങ്ങിത്തന്നെങ്കിലും നഷ്ടപ്പെട്ടതിന്റെ വില അതിനുണ്ടാകില്ലല്ലോ.” നാരായണി പറയുന്നു.
കമ്മല്‍ കിട്ടിയപ്പോള്‍ നാരായണിയുടെ മുഖത്തുണ്ടായ പത്തരമാറ്റിന്റെ ചിരിയാണ് ഞങ്ങള്‍ക്കു കിട്ടിയ സമ്മാനമെന്നു തൊഴിലാളി ബേബി കുണ്ടംപാറയും സംഘവും പറഞ്ഞു.നാരായണിയുടെ ഭര്‍ത്താവ് കണ്ണന് 6 വര്‍ഷം മുന്‍പ് മരിച്ച ശേഷം മകന് ബാലകൃഷ്ണനൊപ്പമാണ് താമസിക്കുന്നത്.
Discussion about this post