പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശി മധു ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു മധു. ഇന്ന് രണ്ടാമത്തെ കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കോതമംഗലം സ്വദേശിയാണ് നേരത്തെ മരിച്ചത്. കോതമംഗലം തോണിക്കുന്നേല്‍ ടിവി മത്തായിയാണ് മരിച്ചത്. 67 വയസായിരുന്നു. ഹൃദ്രോഗവും, രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ചിരുന്നു.
അതേസമയം സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഒന്‍പത് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് ജീവനക്കാര്‍ക്കും അഞ്ച് തടവുകാര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജയിലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 486 ആയി. ആഗസ്റ്റ് 11-നാണ് ആദ്യമായി പൂജപ്പുര ജയിലില്‍ ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഞായറാഴ്ച മരിച്ചിരുന്നു.വിചാരണ തടവുകാരനായ മണികണ്ഠന് (72) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കൊവിഡ് വ്യാപന ഭീതിയിലാണ്. ജില്ലാ ജയിലില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 പേരില്‍ നടത്തിയ പരിശോധനയിലാണ് 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post