കല്‍പ്പറ്റ: കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് മേപ്പാടി പഞ്ചായത്ത് അടച്ചു. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരടക്കം 25 പേര്‍ക്ക് കൊവിഡ് പോസറ്റീവായതോടെയാണ് മേപ്പാടി പഞ്ചായത്ത് ആകെ നിയന്ത്രണമേഖലയായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മേപ്പാടിയില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 25 പേര്‍ക്ക് പോസിറ്റീവ് ആയിരുന്നു. 100 പേരില്‍ നടത്തിയ പരാശോധനയിലാണ് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമാണ് ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആയത്. ഒമ്പത് മുണ്ടക്കൈ സ്വദേശികളും 16 ചൂരല്‍മല സ്വദേശികള്‍ക്കുമാണ് പോസിറ്റീവായത്. നിലവില്‍ 20 പേര്‍ മേപ്പാടിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനിലുമാണ്. ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മേപ്പാടി പഞ്ചായത്തില്‍ വലിയതോതിലുള്ള രോഗവ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഴുവന്‍ വാര്‍ഡുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ആഗസ്റ്റ് 7നാണ് മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയത്. ജനവാസ പ്രദേശമായ പുഞ്ചിരിമട്ടത്തിന് സമീപത്താണ് പാറക്കൂട്ടങ്ങളും മണ്ണും വെള്ളത്തോടൊപ്പം ഒഴുകിയെത്തിയത്. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മുണ്ടക്കൈ എല്‍.പി.സ്‌കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ച് പോയി. എന്നാല്‍ മുന്നൊരുക്കം നടത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാക്കാന്‍ സാധിച്ചു. ആളപായം ഉണ്ടായിരുന്നില്ല.