മൂന്നാര്‍: രാജമല പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ആറ് വയസുള്ള ആണ്‍കുട്ടിയുടെയും വൃദ്ധന്റെയും അടക്കം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഗ്രാവല്‍ ബാങ്കിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ 60 ആയി. ഇനി പത്ത് പേരെ കൂടി കണ്ടെത്താനുണ്ട്.
പ്രദേശത്തെ പുഴ കേന്ദ്രീകരിച്ചും, ലയങ്ങളുടെ മുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് മാറ്റിയുള്ള പരിശോധനയുമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രദേശവാസികളും ഇപ്പോള്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. അപകടം നടന്ന് 12 ദിവസം കഴിഞ്ഞതിനാല്‍ മൃതദേഹം എല്ലാം അഴുകി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍പ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഓഗസ്റ്റ് ആറിന് രാത്രിയായിരുന്നു ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് പത്തടി ഉയരത്തില്‍ മണ്ണ് അടിഞ്ഞിരുന്നു. രാത്രിയില്‍ അപകടം ഉണ്ടായതും സംഭവ സ്ഥലത്തേക്കുള്ള റോഡ് തകര്‍ന്നതും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.