തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാരീതികളിൽ അടിമുടി പരിഷ്കാരം കൊണ്ടുവന്നിരിക്കുകയാണ്. പിഎസ്സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് മാത്രമായിരിക്കും രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത ലഭിക്കുകയെന്ന് പിഎസ്സി ചെയർമാൻ എംകെ സക്കീർ അറിയിച്ചു. പുതിയ ഭേദഗതി നിലവിൽ വന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകളിലായിരിക്കും പുതിയ പരിഷ്കരണം. ആദ്യ ഘട്ടമെന്ന നിലയിൽ ഡിസംബറിൽ പുതിയ രീതിയിലുളള പരീക്ഷകൾ നടത്തും. സ്ക്രീനിങ് ടെസ്റ്റിന് ലഭിക്കുന്ന മാർക്ക് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കില്ല.
അന്തിമ പരീക്ഷയിലേയ്ക്ക് യോഗ്യത നേടുന്നതിന് മാത്രമാണ് സ്ക്രീനിങ് പരീക്ഷ നടത്തുന്നത്. ഇന്റർവ്യൂ വേണ്ട പരീക്ഷകൾക്ക് ഇതും നടത്തിയ ശേഷം മാത്രമാകും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. അല്ലാത്ത പക്ഷം അന്തിമ പരീക്ഷ നടത്തി വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സാധിക്കുമെന്നും പിഎസ്സി ചെയർമാൻ അറിയിച്ചു.
യുപിഎസ്സി പോലെ അഖിലേന്ത്യാ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുന്ന സംവിധാനങ്ങളുടെ മാതൃക പിന്തുടർന്നാണ് ചട്ടത്തിൽ ഭേഗഗതി കൊണ്ടുവന്നതെന്നും പിഎസ്സി ചെയർമാൻ അറിയിച്ചു.
നീട്ടിവെച്ച പരീക്ഷകൾ സെപ്റ്റംബർ മുതൽ നടത്തും. അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതൽ ആരംഭിക്കും. നേരത്തെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നൽകിയിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
Discussion about this post