തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങില്‍ നാമം ജപിച്ച് പ്രതിഷേധവുമായി ഒരുകൂട്ടം സ്ത്രീകളെത്തി. കൈയ്യടിച്ചും ഉറക്കെ നാമം ജപിച്ചും ബഹളം വെച്ച സ്ത്രീകള്‍ക്ക് വേദിയില്‍ നിന്നു തന്നെ തിരിച്ചടി കിട്ടിയതും ശ്രദ്ധേയമായി.
പ്രതിഷേധിച്ച് നാമം ജപിച്ച സ്ത്രീകളെ കൂക്കിവിളിച്ച് സദസ്സിലിരിക്കുന്ന സ്ത്രീകള്‍ മടക്കിയയച്ചു. അഞ്ചോളം വരുന്ന ഈ സ്ത്രീ പ്രതിഷേധകരെ ബിജെപി-ആര്‍എസ്എസ് പിന്തുണയോടെയാണ് എത്തിയതെന്ന് ആരോപണമുയര്‍ന്നു. സദസിലെ തന്നെ മറ്റു സ്ത്രീകളുടെ പിന്തുണ ആവശ്യപ്പെട്ട പ്രതിഷേധക്കാരെ സ്ത്രീകള്‍ തന്നെ ഇടപെട്ട് ഓടിച്ചുവിടുകയായിരുന്നു.
മന്ത്രി തിരുവനന്തപുരത്തെ കാട്ടാക്കട വീരണകാവില്‍ മന്ത്രി എസി മൊയ്തീന്‍ പങ്കെടുത്ത ചടങ്ങിലാണ് സ്ത്രീകള്‍ നാമജപ പ്രതിഷേധവുമായെത്തിയത്. അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്.
മന്ത്രി സംസാരിക്കാന്‍ ഒരുങ്ങവെ സ്വാമിയെ അയ്യപ്പോ എന്ന നാമജപ വിളികളോടെയാണ് യുവതികള്‍ വേദിയിലേയ്ക്ക് കയറിവന്നത്. ‘അവര്‍ പൊയ്‌ക്കോളും ആരോ നിര്‍ബന്ധിച്ചു പറഞ്ഞയപ്പിച്ചതാണ്’ എന്ന് മന്ത്രി പറയുകയും പ്രതിഷേധം കൂസാതെ സംസാരം തുടരുകയും ചെയ്തു.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വന്ന ഈ സ്ത്രീകള്‍ സദസ്സിലിരിക്കുന്ന സ്ത്രീകളെ നാമജപം ചൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇവരെ കൂക്കിവിളിച്ചാണ് സദസ്സിലിരുന്ന മറ്റു സ്ത്രീകള്‍ എതിരേറ്റത്. സ്ത്രീകളുടെ കൂവലിലിനെ തുടര്‍ന്ന് നാമജപ പ്രതിഷേധവുമായെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.