കൊയിലാണ്ടി: സന്നദ്ധപ്രവര്‍ത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എടി അഷ്റഫ് മരിച്ചു. 48 വയസായിരുന്നു. ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കോഴിക്കോട് സരോവരത്തിന് സമീപം റോഡരികില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
അതേസമയം, നടപ്പാതയില്‍ തളര്‍ന്നുകിടന്ന അദ്ദേഹത്തെ കൊവിഡ് ഭീതികാരണം ആശുപത്രിയിലെത്തിക്കാന്‍ ആദ്യമാരും തയ്യാറായില്ലെന്ന പരാതിയും ഉയരുകയും ചെയ്തിട്ടുണ്ട്. പിന്നീട് പരിചയക്കാരെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സിവില്‍ ഡിഫന്‍സ് ഫോഴ്സിന്റെ റീജണല്‍ ചീഫ് വാര്‍ഡനും റെഡ്ക്രോസ് പ്രവര്‍ത്തകനുമാണ് അഷ്‌റഫ്. ദുരന്തനിവാരണ പ്രവര്‍ത്തനത്തിലും മറ്റ് സേവനപ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം.
ലോക്ഡൗണ്‍ കാലത്ത് നിരവധിപേര്‍ക്ക് മരുന്നെത്തിക്കാനും പ്രളയ-പ്രകൃതിദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. പിതാവ്: ചെറുവലത്ത് പരേതനായ മൂസ. മാതാവ്: കുട്ടിബി. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് യാസിന്‍ മാലിക്, ഫാത്തിമ നിലൂഫര്‍ മാലിക്.