തിരുവനന്തപുരം: മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കൊവിഡ് ബാധ മറച്ചുവെച്ച് അമ്മയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്കരിച്ചുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ വാര്‍ത്ത വ്യാജവാര്‍ത്തയാണെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫാക്ട് ചെക്ക് കേരള വ്യക്തമാക്കുന്നു.
അല്‍ഫോണ്‍സ് കണ്ണന്താനം കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചുവെന്ന ആരോപണവുമായി പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍ പുരക്കലാണ് രംഗത്തെത്തിയത്. ഡല്‍ഹിയില്‍ വെച്ച് മരിച്ച അമ്മയുടെ മൃതദേഹം വിമാനത്തില്‍ നാട്ടിലെത്തിച്ച് കോട്ടയം മണിമലയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് സംസ്കാരം നടത്തിയതെന്നും, തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തെത്തി താനും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു.
എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് ഐപിആര്ഡ് ഫാക്ട് ചെക്ക് ടീം വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കണ്ണന്താനത്തിന്റെ അമ്മയുടെ മരണമെന്നും, മരണ സമയത്ത് ഇവര്‍ക്ക് കൊവിഡ് ഉണ്ടായിരുന്നില്ലെന്നും ഐപിആര്ഡ് ഫാക്ട് ചെക്ക് ടീം അറിയിച്ചു.
‘അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മക്ക് 2020 മെയ് 28നു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയിരുന്നു. ചികിത്സക്ക് ശേഷം ജൂണ്‍ 5നും, 10 നും നടത്തിയ കോവിഡ് പരിശോധനകളില്‍ ഫലം നെഗറ്റീവ് ആയി. എന്നാല്‍ കോവിഡ് ബാധയെത്തുടര്‍ന്ന് 91 വയസുകാരിയായ അവരുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ജൂണ്‍ 14നു ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇവര്‍ മരിക്കുന്നത്. മരണ സമയത്ത് ഇവര്‍ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. അതുകൊണ്ട് തന്നെ മൃതദേഹം കൊണ്ടുവരുന്നതിനും സംസ്ക്കാര ചടങ്ങുകള്‍ നടത്തുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമല്ല’, ഐപിആര്‍ഡി ഫാക്ട് ചെക്ക് കേരള അറിയിച്ചു.
Discussion about this post