തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 60 വയസിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ജയിലില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതനുസരിച്ച് അറുപതോളം തടവുകാര്‍ക്ക് പരോളിലിറങ്ങാനാവും.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഇന്ന് മാത്രം 114 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.110 തടവുകാര്‍ക്കും 4 ഉദ്യോഗസ്ഥര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 363 പേരില്‍ നടത്തിയ പരിശോധനയിലാണ് 114 പേരില്‍ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 477 ആയി. ഇന്നലെ 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 298 പേരില്‍ നടത്തിയ പരിശോധനയിലാണ് 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരന്‍ മണികണ്ഠന്‍ (72) ഞായറാഴ്ച രാവിലെ മരിച്ചു. വിചാരണ തടവുകാരനായിരുന്നു. ജയിലില്‍ ആകെ 1200 തടവുകാരാണ് ഉള്ളത്. ഇവര്‍ക്ക് എല്ലാവര്‍ക്കും പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍, നിലവില്‍ ജയിലിലെ പ്രത്യേക കേന്ദ്രങ്ങളിലാണ് രോഗികള്‍ക്ക് ഇപ്പോള്‍ ചികിത്സ നല്‍കുന്നത്.
Discussion about this post