കുമരകം: കോവിഡ് രോഗികളെ ഒറ്റപ്പെടുത്തുകയും വൈറസ് ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം തടഞ്ഞതുമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പ്രവൃത്തിക്കുന്നവര്‍ക്ക് മാതൃകയായി മാറുകയാണ് അയ്മനത്തെ നാട്ടുകാര്‍. കോവിഡ് പോസിറ്റീവായ ആളുടെ സംസ്‌കാരം ആരോഗ്യ വകുപ്പിനൊപ്പം പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയാണ് അയ്മനം പഞ്ചായത്ത് 10ാം വാര്‍ഡിലുള്ളവര്‍ മാതൃകയായത്.
ചിറ്റക്കാട്ട് റെജിയുടെയും ഗീതയുടെയും മകന്‍ ഓട്ടോ ഡ്രൈവര്‍ അമലിനെ (21) കഴിഞ്ഞ ദിവസമാണു വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവെന്നു സ്ഥിരീകരിച്ചു.
റെജിയുടെ വീടുള്ളത് അടുത്തടുത്തു വീടുകളുള്ള പ്രദേശത്താണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തുന്നതിന് ആരോഗ്യ വകുപ്പും പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചനും സമീപവാസികളോടു സംസാരിച്ചു. നാട്ടുകാര്‍ക്ക് എതിര്‍പ്പില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ മൃതദേഹം ഇവിടത്തെ പുരയിടത്തില്‍ സംസ്‌കരിച്ചു. നാട്ടുകാരായ യുവാക്കളും ആരോഗ്യ വകുപ്പ് അധികൃതരും പിപിഇ കിറ്റുകള്‍ ധരിച്ച് ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. ആരോഗ്യ വകുപ്പാണു കിറ്റുകള്‍ നല്‍കിയത്. സംസ്‌കാരശേഷം വീടും പരിസരവും പ്രദേശത്തേക്കുള്ള പ്രവേശന പാതകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി.