പാലക്കാട്; പാലക്കാട് എസ്പി ഓഫീസ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് എസ്പി ഓഫീസ് അടച്ചു. രണ്ട് ക്ലറിക്കല്‍ സ്റ്റാഫിനും, ഒരു കാന്റീന് ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പാലക്കാട് എസ്പി എസ്പി ജി ശിവ വിക്രം ക്വാറന്റൈനിലാണ്. ഇതിനിടെയാണ് എസ്പി ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കും പോലീസ് കാന്റീനിലെ ഒരു ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചത്.
രോഗബാധിതനായ ഒരു പോലീസുകാരനില്‍ നിന്നാണ് ഇവര്‍ക്ക് രോഗം വന്നതെന്നാണ് സൂചന. ഓഫീസില്‍ രോഗ ബാധിതരുമായി ഇടപഴകിയ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്പിയുമായി സമ്പര്‍ക്കം ഉണ്ടായതേ തുടര്‍ന്നാണ് പാലക്കാട് എസ്പി ക്വാറന്റൈനില്‍ പ്രവേശിച്ചത്.
അതേസമയം, പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലെ 19 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിവിഷന് കീഴിലെ പാലക്കാട് മുതല്‍ കോഴിക്കോട് വരെയുള്ള കണക്കാണിത്. ഇതിന് പുറമേ ഡിവിഷനിലെ തന്നെ മംഗലാപുരത്ത് 34 ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. എന്നാല്‍ പാലക്കാട് ഡിവിഷന് ഓഫീസിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഡിവിഷന് ഓഫീസ് സുരക്ഷിതമാണെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും റെയില്‍വേ അറിയിച്ചു.
Discussion about this post