മലപ്പുറം : പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക്ക് മാതാപിതാക്കള്‍ സ്‌നേഹസമ്മാനമായി നല്‍കിയത് പശുവിനെ. മലപ്പുറം പരപ്പനങ്ങാടി കോവിലകം റോഡിലെ ‘അസര്‍മുല്ല’ വീട്ടില്‍ സഫ്ദറിനാണ് മാതാപിതാക്കള്‍ പശുവിനെ സമ്മാനിച്ചത്.
പഠിക്കാന്‍ മിടുക്കനായ ഈ കൗമാരപ്രായക്കാരന്‍ നേരത്തെ തന്നെ കൃഷിയില്‍ തത്പരനാണ്. കുടുംബവും സഫ്ദറിന് കട്ട സപ്പോര്‍ട്ട് ആണ്. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ സഫ്ദറിനോട് വീട്ടുകാര്‍ സമ്മാനമായി എന്ത് വേണമെന്ന് ചോദിക്കുകയായിരുന്നു.
അപ്പോഴാണ് തനിക്ക് പശുവിനെ മതിയെന്ന് സഫ്ദര്‍ പറഞ്ഞത്. സഫ്ദറിന്റെ ആഗ്രഹം കേട്ട് ആദ്യം വീട്ടുകാര്‍ ഒന്ന് അമ്പരന്നുവെന്ന് സമ്മതിക്കുന്നു. എന്നാല്‍ മകന്റെ ആവശ്യം അനുസരിച്ച് കോഴിക്കോട്ട് രാമനാട്ടുകരയില്‍ നിന്ന് മാതാപിതാക്കള്‍ വെച്ചൂര്‍ ഇനത്തില്‍ പെട്ട പശുവിനെ വാങ്ങി നല്‍കി.
കൃഷി ചെയ്യാനേറെ ഇഷ്ടമുള്ള സഫ്ദറിന് വീട്ടിനടുത്ത് 60 സെന്റില്‍ കപ്പ, വാഴ, മധുരക്കിഴങ്ങ്, ചേമ്പ്, ചേന, മഞ്ഞള്‍, ഇഞ്ചി കൂടാതെ നിരവധി പഴങ്ങളുടെയും കൃഷിയുണ്ട്. തേനീച്ച കൃഷി, കൂണ്‍ കൃഷി, മത്സ്യ കൃഷി എന്നിവയും കൂടെയാകുമ്പോള്‍ സമയം തികയാറില്ല സഫ്ദറിന്.
ലോക്ക് ഡൗണ്‍ ആയതോടെ ഫുള്‍ ടൈം കൃഷിയിലാണ് ഈ കുട്ടി കര്‍ഷകന്‍. കൃഷിക്കൊപ്പം പശുവിനെ കൂടി ലഭിച്ചപ്പോള്‍ തിരക്കേറി. പിഇഎസ് പരപ്പനാട് കോവിലകം ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് സഫ്ദര്‍. പിതാവ് കബീര്‍ ഹാബിറ്റാറ്റിന് അനുസരിച്ച് വീടും കെട്ടിടങ്ങളും ഡിസൈന്‍ ചെയ്യുന്നയാളാണ്. മാതാവ് സാക്കിറ.