തൃശ്ശൂര്‍: തൃശ്ശൂര്‍ കുറാഞ്ചേരിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ട് വയസ്. ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 19 ജീവനുകള്‍ക്ക് 19 നിലവിളക്ക് തെളിയിച്ച് ഓര്മ പുതുക്കി നാട്ടുകാര്‍. 2018ല്‍ ഓഗസ്റ്റ് 16നായിരുന്നു ദുരന്തം. കുറാഞ്ചേരിയില്‍ മലയിടിഞ്ഞ് പത്തൊന്‍പതു പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.
ഓരോരുത്തരുടേയും ഓര്‍മകള്‍ക്കായി ഓരോ നിലവിളക്കുകള്‍ നാട്ടുകാര്‍ തെളിയിച്ചു. നാലു വീടുകളാണ് അന്ന് മണ്ണിനടിയിലായത്. ദിവസങ്ങളോളം റോഡ്, റയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ദുരന്തമുഖം ഇന്നും വീണ്ടെടുപ്പിന്റെ വഴിയിലാണ്. മണ്ണിനടിയില്‍ ആയ കിണര്‍ നാട്ടുകാര്‍ വീണ്ടെടുത്തു. ബസ് കാത്തിരിപ്പു കേന്ദ്രവും പഴയപടിയാക്കി.
തൃശൂര്‍..വടക്കാഞ്ചേരി റൂട്ടിലാണ് കുറാഞ്ചേരി. അന്ന് സംസ്ഥാന പാതയിലേക്കാണ് മണ്ണിടിഞ്ഞ് എത്തിയത്. സ്വകാര്യ ബസ് തലനാരിഴയ്ക്കാണ് മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടത്. കുറാഞ്ചേരി ദുരന്തം രണ്ടാണ്ട് പിന്നിടുമ്പോഴും നടുക്കുന്ന ഓര്‍മകളാണ് ഇപ്പോഴും നാട്ടുകാരുടെ മനസില്‍ മിന്നി മറയുന്നത്.
Discussion about this post