ഫഖ്റുദ്ധീൻ പന്താവൂർ
പൊന്നാനി:കൊറോണ പ്രതിസന്ധിയിൽ എല്ലാം തകർന്നപ്പോൾ പിടിച്ചുനിൽക്കാൻ വഴിയോരത്ത് പച്ചക്കറി വില്പന നടത്തുകയാണ് “ലാൽജോസ് ” എന്ന സിനിമയുടെ സംവിധായകനായ പൊന്നാനി സ്വദേശി കബീർ പുഴമ്പ്രം.
പതിനൊന്നു വർഷം സിനിമയുടെ പിറകെ നടന്ന് അവസാനം സിനിമ എന്ന സ്വപ്നം പൂവണിഞ്ഞ് ഷൂട്ടിംഗ് അവസാനിച്ചു മറ്റു ജോലികളും പൂർത്തിയായപ്പോഴാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വന്നത്. അതോടെ തീയേറ്ററുകൾ അടച്ചു പൂട്ടി.ഒപ്പം പ്രതീക്ഷകളും സ്വപ്നങ്ങളും. പ്രതിസന്ധി താങ്ങാൻ കഴിയാതെ വന്നപ്പോൾ ലാൽജോസ് എന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ കബീർ പുഴമ്പ്രം അതിജീവനത്തിനായി വണ്ടിയിൽ പച്ചക്കറി വില്പന നടത്തുകയാണ്.കഴിഞ്ഞ ഒരു മാസമായി കബീർ വാഹനങ്ങളിൽ പച്ചക്കറി കയറ്റി തെരുവിൽ വിൽപ്പന നടത്തും.നിശ്ചിത സ്ഥലങ്ങൾ എന്നൊന്നുമില്ല, തെരുവിൽ എവിടെയെങ്കിലും കച്ചവടക്കാരനായി നിൽക്കും.അതിജീവനത്തിന്റെ നല്ല പാഠം പകർന്നു നൽകുന്നതിൽ വീട്ടുകാരും നാട്ടുകാരും പിന്തുണയുമായുണ്ട്.
വെബ്‌സീരീസുകളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് ശാരിക് നായകനാകുന്ന ചിത്രമാണ് ‘ലാൽജോസ് ‘ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ കബീർ പുഴമ്പ്രം ജേര്ണലിസ്റ്റായി വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്തിരുന്നെങ്കിലും സിനിമ യായിരുന്നു ലക്ഷ്യം. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തിരക്കഥകളുമായി ലൊക്കേഷനുകൾ കയറിയിറങ്ങി. ഈ അലച്ചിനിടയിലാണ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയത്. പച്ചക്കറി വില്പന ആയാലും കൂലിപ്പണി ആയാലും എല്ലാത്തിനും മാന്യത ഉണ്ട് എന്നും, തിരക്കഥാകൃത്തും സംവിധായകനുമായ ഒരാൾക്ക് അനുഭവ സമ്പത്ത് ആണ് വേണ്ടതെന്നും കബീർ പറയുന്നു.സംവിധായകനായാൽ മറ്റു ജോലികൾ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രശ്നം എന്നും, ഈഗോ കോംപ്ലക്സ്, നാണക്കേട് എന്നിവ മാറ്റി വെച്ചാൽ ഒരാൾക്ക് ഈ ലോകത്ത് വിജയിക്കാൻ കഴിയുമെന്നുമാണ് കബീർ പുഴമ്പ്രം സാക്ഷ്യപ്പെടുത്തുന്നത്. ഏതായാലും പച്ചക്കറിക്കച്ചവടം തന്നെ മറ്റൊരു ജീവിതം പഠിപ്പിച്ചെന്നാണ് കബീർ പറയുന്നത്.
ത്രിബിൾ സിക്സ് പ്രൊഡക്ഷന്റെ ബാനറിൽ ഹസീബ് മേപ്പാട്ട് ആണ് ലാൽജോസ് എന്ന ഈ സിനിമ നിർമിച്ചിട്ടുള്ളത്. ഒരു പാട് രൂപ മുതൽ മുടങ്ങി കിടക്കുന്ന നിർമാതാവിനെ ബുദ്ധിമുട്ടിപ്പിക്കേണ്ട എന്ന് കരുതിയാണ് തന്റെ പ്രശ്നങ്ങൾ നിർമാതാവിനെ അറിയിക്കാത്തത് എന്നും, ഏതു പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കുന്ന വ്യക്തിയാണ് നിർമാതാവ് ഹസീബ് മേപ്പാട്ട് എന്നും,എല്ലാ പ്രതിസന്ധികളും അവസ്സാനിക്കുമെന്നും എല്ലാ നിമിഷങ്ങളും കടന്നു പോകുമെന്നും ഒന്നും സ്ഥിരമല്ലെന്നും കബീർ പുഴമ്പ്രം പറയുന്നു.കൊവിഡ് പുതിയ ലോകത്തെയും പുതിയ മനുഷ്യരെയും സൃഷ്ടിച്ചുമെന്നാണ് കബീറിന്റെ വീട്ടുകാർ പറയുന്നത്.