എഴുകോണ്‍: ബംഗളൂരുവില്‍ മലയാളി നഴ്സ് അതുല്‍ ശശിധരന് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. കൊല്ലം എഴുകോണ്‍ എടക്കാട് ഐശ്വര്യയില്‍ ശശിധരന്റെ മകന് അതുല്‍ ശശിധരനാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടത്.
ആശുപത്രി അധികൃതര്‍ക്കെതിരെയാണ് കുടുംബം രംഗത്ത് വന്നിരിക്കുന്നത്. രണ്ടുവര്‍ഷമായി ബംഗളൂരുവിലെ സാഖ്റ വേള്‍ഡ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു അതുല്‍. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ പതിനൊന്നരയോടെ കൊവിഡ് കെയര്‍ ഐസിയുവിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
അധിക ജോലി അടിച്ചേല്‍പ്പിച്ച് അതുലിനെ ആശുപത്രി അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നഴ്സുമാരുടെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി. ‘ആശുപത്രി അധികൃതര്‍ പറയുന്ന കാര്യങ്ങളില്‍ വ്യക്തതയില്ല. അവര്‍ പലരീതിയിലാണ് സംസാരിക്കുന്നത്. ആദ്യം അറിഞ്ഞത് ഹൃദയാഘാതത്തെ തുടര്‍ന്ന് ശുചിമുറിയില്‍ കുഴഞ്ഞുവീണെന്നാണ്. പിന്നീട് ആത്മഹത്യ ചെയ്തതായി പറഞ്ഞു.’ അതുലിന്റെ ബന്ധു പറയുന്നു.
കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അതുലിന്റെ മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണമെന്നും കുററക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
Discussion about this post