കണ്ണൂര്‍; പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാട്ടൂല്‍, ശ്രീകണ്ഠപുരം സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ തളിപ്പറമ്പ് ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തു.
അതേസമയം, പെണ്‍കുട്ടിയെ പ്രതികളുടെ അടുക്കലെത്തിച്ച സ്ത്രീയെയും പോലീസ് തിരയുന്നുണ്ട്. പോലീസ് തിരയുന്ന സ്ത്രീയാണ് വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് കെണിയില്‍ വീഴ്ത്തി പ്രതികള്‍ക്കു കൈമാറിയത്. പെണ്‍കുട്ടിയെ ചൊവ്വാഴ്ച തളിപ്പറമ്പ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
ഫേസ്ബുക്ക് വഴിയാണ് സ്ത്രീയുമായി പെണ്‍കുട്ടി അടുപ്പത്തിലായത്. പറശ്ശിനിക്കടവിലെ സുഹൃത്തിന്റെ വീട്ടില്‍ പോകാനെത്തിയപ്പോഴാണ് സ്ത്രീയെ നേരിട്ട് പരിചയപ്പെട്ടത്. നവംബര്‍ 13-നായിരുന്നു സംഭവം. തുടര്‍ന്ന് പ്രതികളിലൊരാള്‍ സഞ്ചരിച്ച കാറിലേക്ക് കയറ്റുകയും വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിപ്പിച്ച് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിക്കുകയുമായിരുന്നു. ലോഡ്ജില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നു പറഞ്ഞാണ് വീണ്ടും പെണ്‍കുട്ടിയെ കെണിയിലാക്കിയത്.
അതേസമയം, ഇരുപതോളം പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴിനല്‍കി. നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റു പ്രതികളുടെ മുന്നിലെത്തിച്ചുവെന്നാണ് അന്വേഷണസംഘത്തോടു പറഞ്ഞത്. സഹോദരിയുടെ നഗ്‌നചിത്രമുണ്ടെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിനെ ചോദ്യംചെയ്തപ്പോള്‍ ആറംഗസംഘം പെണ്‍കുട്ടിയുടെ സഹോദരനെ ആക്രമിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
പോലീസ് പ്രതികളെ കെണിയിലാക്കിയത് ഇങ്ങനെ…
പരാതി ലഭിച്ചതോടെ പോലീസ് അതിവേഗം നടപടിയെടുത്തതാണ് നാലുപേരെ വലയിലാക്കാന്‍ സഹായിച്ചത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ തിങ്കളാഴ്ചയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഒപ്പം ശാസ്ത്രീയാന്വേഷണവും തുടങ്ങി. പ്രതികളെന്നു സംശയിക്കുന്നവരുടെ മുഴുവന്‍ ഫോണുകളും പോലീസ് പിന്തുടര്‍ന്നു. പ്രതികളിലൊരാളുടെ ഫോണിലേക്കു വിളിച്ചപ്പോള്‍ എടുത്തത് ഭാര്യയാണ്. വാഹനവുമായി ബന്ധപ്പെട്ട കാര്യത്തിന് വിളിക്കുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്. പിന്നീട് ഫോണെടുത്ത ഇയാള്‍ പോലീസിനോടു കയര്‍ത്തു. ഇയാളെ പോലീസ് പിന്തുടരുന്നുണ്ടായിരുന്നു.
പുലര്‍ച്ചെയോടെ നാലുപേര്‍ പോലീസിന്റെ വലയിലായി. ഇവരില്‍ നിന്ന് ഏതാനും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഫോണ്‍ വിളിച്ചതും സന്ദേശങ്ങള്‍ കൈമാറിയതും പരിശോധിച്ച് വരികയാണ്.
Discussion about this post