തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് ഇടപാടുകാര്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സേവിങ്സ് അക്കൗണ്ടുകളുടെ അവസാന അക്കമനുസരിച്ചാണ് സമയം ക്രമീകരിച്ചത്. അക്കൗണ്ട് നമ്പര്‍ പൂജ്യം മുതല്‍ മൂന്ന് വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ രാവിലെ 10നും 12നും ഇടയ്ക്കു മാത്രമേ ബാങ്കുകളില്‍ എത്താവൂ. നാല് മുതല്‍ ഏഴ് വരെ അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയും എട്ടിലും ഒമ്പതിലും അവസാനിക്കുന്നവര്‍ക്ക് രണ്ടര മുതല്‍ മൂന്നര വരെയും ബാങ്കുകളില്‍ എത്താം. സെപ്റ്റംബര്‍ അഞ്ച് വരെ നിയന്ത്രണം ബാധകമായിരിക്കും.
അതേസമയം വായ്പയ്ക്കും മറ്റു ഇടപാടുകള്‍ക്കും നിയന്ത്രണമില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.ജില്ലാതല ദുരന്ത നിവാരണ അതോറിറ്റികളുടെ നിര്‍ദേശപ്രകാരം ചില മേഖലകളില്‍ സമയ ക്രമീകരണത്തില്‍ വീണ്ടും മാറ്റം വരാം. പുതുക്കിയ സമയക്രമം അതത് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
Discussion about this post