തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രങ്ങളില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ ക്ഷേത്രങ്ങളില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പ്രവേശനം. ശബരിമലയൊഴികെയുള്ള ക്ഷേത്രങ്ങളിലാണ് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഒരേസമയം 5 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം. ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം നിയന്ത്രണമുണ്ട്. മാസ്‌ക്, സാമൂഹ്യ അകലം, ദര്‍ശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തല്‍ ഇവ നിര്‍ബന്ധമാണ്.

10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. രാവിലെ 6ന് മുന്‍പും വൈകിട്ട് ആറര മുതല്‍ ഏഴ് വരെയും പ്രവേശനം ഉണ്ടാവില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ക്ഷേത്രങ്ങളില്‍ മാര്‍ച്ച് 22 മുതല്‍ 5 മാസമായി ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആദ്യം വരുന്നവര്‍ക്ക് ആദ്യം കയറാം എന്ന തരത്തിലാണ് ഇപ്പോഴത്തെ നിയന്ത്രണം.

ക്ഷേത്രത്തിനുള്ളിലും പരിസരത്തും തിരക്ക് കൂടും എന്നതിനാല്‍ നിര്‍മാല്യ സമയത്തും ദീപാരാധന സമയത്തും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയോ ഇവരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കുകയോ ചെയ്യില്ല. രാവിലെ 6 മണിക്ക് മുമ്പും വൈകിട്ട് 6.30 മുതല്‍ 7 മണി വരെയുമാണ് ഈ നിയന്ത്രണം.

വഴിപാടുകള്‍ക്കായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക പ്രസാദ കൗണ്ടര്‍ ക്രമീകരിക്കും. വഴിപാടിന്റെ പ്രസാദം ശ്രീകോവിലിനുള്ളില്‍ നിന്നും ലഭിക്കില്ല. പ്രസാദം വിതരണം ചെയ്യുന്നതും കൗണ്ടറുകള്‍ വഴിയായിരിക്കും.

Exit mobile version