മലപ്പുറം; കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷന് ആണ് മരിച്ചത്. 67 വയസ്സായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
ഈ മാസം ഏഴിനാണ് നാടിനെ ഒന്നടങ്കം നടുക്കിയ വിമാനാപകടം സംഭവിച്ചത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പെട്ടത്. 174 മുതിര്‍ന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം റണ്‍വേയില്‍ നിന്ന് 35 അടി താഴേക്കുപതിച്ച് രണ്ടായി പിളര്‍ന്നാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനെട്ടോളം പേര്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. മരിച്ചവരില്‍ പൈലറ്റ് ഡിവി സാഠേയും സഹപൈലറ്റ് അഖിലേഷും ഉള്‍പ്പെട്ടിരുന്നു.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും വിമാനത്താവള അധികൃതരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നിലവില്‍ 83 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതില്‍ പതിനെട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post