ആലപ്പുഴയിൽ പോലീസുകാർക്ക് ഇടയിൽ കൊവിഡ് വ്യാപനം;ആശങ്ക

ആലപ്പുഴ: ആലപ്പുഴയിലെ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് വ്യാപനം ആശങ്കയാകുന്നു. തൃക്കുന്നപുഴ പോലീസ് റ്റേഷനിലെ അഞ്ച് പേർക്കും ആരൂർ സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. തൃക്കുന്നപുഴ സ്‌റ്റേഷനിലെ എഎസ്‌ഐ അടക്കം രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, സിഐ ഉൾപ്പടെ 28 പൊലീസുകാർ നിരീക്ഷണത്തിൽ പോയി.

സ്റ്റേഷന്റെ ഭാഗമായി ജോലി ചെയ്യുന്ന ഹോം ഗാർഡ്, രണ്ട് സന്നദ്ധ പ്രവർത്തകർ എന്നിവർക്കും രോഗം ബാധിച്ചു. അരൂർ സ്റ്റേഷനിലെ വനിതാ പോലീസുകാരിക്കു രോഗം ബാധിച്ചതോടെ സ്റ്റേഷൻ താൽകാലികമായി അടച്ചു. എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. എആർ ക്യാമ്പിലെ പോലീസ് സൊസൈറ്റിയിൽ അംഗമായ ഇവർ പതിനൊന്നാം തീയതി നടന്ന ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. പോലീസ് ക്യാന്റീനിലും സന്ദർശനം നടത്തി. ഒറ്റപുന്ന സ്വദേശിയായ ഇവരുടെ കുടുംബാംഗങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

നേരത്തെ, ഒൻപത് പോലീസുകാർക്ക് രോഗം വന്ന ആലപ്പുഴ സൗത്ത് സ്റ്റേഷൻ ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. ദിവസേനം നൂറിലേറെ പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. സമ്പർക്ക രോഗികൾ 80 ശതമാനത്തിന് മുകളിലുമാണ്.

Exit mobile version