നെടുമ്പാശേരി: ഭിന്നശേഷിയുള്ള ഒട്ടേറെപ്പേര്‍ക്ക് തണലേകുകയാണ് വിശാലമനസ്സിനുടമയായ പാറക്കടവ് കുന്നപ്പിള്ളി മനയില്‍ ലീല അന്തര്‍ജനം. മൂന്നരക്കോടിയോളം വില വരുന്ന സ്ഥലമാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ ലീല സംഭാവനയായി നല്‍കിയത്.
ജയന്തന് നമ്പൂതിരിയുടെയും ലീല അന്തര്‍ജനത്തിന്റെയും 5 മക്കളും ഭിന്നശേഷികളുമായി പിറന്നവരായിരുന്നു. നാലു പേരെയും വിവിധ കാലഘട്ടങ്ങളില്‍ വിധി തട്ടിയെടുത്തു. 3 വര്‍ഷം മുമ്പ് ഭര്‍ത്താവും മരിച്ചു. പിന്നീട് മകന് വിനയനും ലീല അന്തര്‍ജനവും തനിച്ചായി. വിനയന് 33 വയസുണ്ടെങ്കിലും പരസഹായം എല്ലായ്പ്പോഴും വേണം.
തന്റെയും മകന്റെയും ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാന്‍ കൂടിയാണ് ലീല അന്തര്‍ജനം സന്തോഷത്തോടെ കോടികള്‍ വിലമതിക്കുന്ന സ്ഥലം നല്‍കിയത്. ലീല സംഭാവനയായി നല്കിയ സ്ഥലത്ത് അങ്കമാലി സേവാഭാരതി നിര്‍മിക്കുന്ന സുകര്‍മ വികാസ് കേന്ദ്രം നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും.
71 സെന്റിലാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള കേന്ദ്രം തയാറാകുന്നത്. ഒറ്റ നിബന്ധനയിലാണ് മൂന്നരക്കോടിയോളം രൂപ വില വരുന്ന സ്ഥലം വിട്ടുനല്‍കിയത്. വിനയനെപ്പോലുള്ള മറ്റുള്ളവര്‍ക്കും ആശ്രയമാകുന്ന ഒരു കേന്ദ്രം ഉയരണം. മകനെ അത്രത്തോളം സ്നേഹിക്കുന്ന ഒരു അമ്മയുടെ കരുതല്‍ കൂടിയായിരുന്നു അത്.
ഒപ്പം തന്റെ മകനെപ്പോലെയുള്ള മക്കളുള്ള അമ്മമാര്‍ക്ക് പകര്‍ന്നു നല്കുന്ന ആശ്വാസവും. തുടക്കത്തില്‍ 30 പേര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സൗകര്യമുണ്ടാകും. 3 നിലകളിലായി നാലുകെട്ടു മാതൃകയില്‍ നിര്‍മിക്കുന്ന കേന്ദ്രം 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ്.
ലീല അന്തര്‍ജനത്തിന്റെ മാതൃക പിന്തുടര്ന്ന് മറ്റു ചിലരും സ്ഥലവും മറ്റും കേന്ദ്രത്തിനായി സംഭാവന ചെയ്യുന്നുണ്ട്. റിട്ട.ഹെഡ്മിസ്ട്രസ് വിലാസിനി 17.5 സെന്റ് നല്കി. കുറുമശേരി കണ്ടനാട്ട് സരോജിനിയമ്മ 24.5 സെന്റ് നല്കി. ഭിന്നശേഷിയുള്ള മുപ്പതോളം പേര് ഇതിനകം സുകര്‍മയുടെ ഭാഗമാകാന്‍ പേര് റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
Discussion about this post