മലപ്പുറം: ഒമ്പതാംക്ലാസ്സുകാരിയായ ധ്യാനപ്രിയ വിദ്യാര്‍ത്ഥിനി മാത്രമല്ല ഇന്ന്, ഒരു കൊച്ചു അധ്യാപിക കൂടിയാണ്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ ധ്യാനപ്രിയ പഠിപ്പിക്കുന്ന വിഷയവും അല്പം കട്ടിയുള്ളതാണ്. അറബിക് ആണ് ഈ കൊച്ചുടീച്ചര്‍ പഠിപ്പിക്കുന്ന വിഷയം.
മലപ്പുറം കല്പകഞ്ചേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ധ്യാനപ്രിയ. പോസ്റ്റ് ഓഫീസ് ജീവനക്കാരന് കന്മനം തുവ്വക്കാട് പ്രദീപ് കുമാറിന്റെയും അധ്യാപികയായ ലിജയുടെയും മകളാണ് ഈ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി.
ഒന്‍പതാം ക്ലാസ്സിലാണെങ്കിലും അമ്മയെ പോലെ ഇടക്ക് അധ്യാപികയാകും. ഒന്‍പതാം ക്ലാസിലെ അറബിക് പാഠപുസ്തകത്തിലെ പാഠഭാഗങ്ങളാണ് ധ്യാനപ്രിയ സഹപാഠികള്‍ക്കായി പഠിപ്പിക്കുന്നത്. എല്‍പി ക്ലാസ്സുമുതല്‍ തന്നെ ഈ ഒമ്പതാംക്ലാസ്സുകാരി അറബിക് പഠിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ധ്യാനപ്രിയയ്ക്ക് അറബി വായിക്കാനും സ്ഫുടമായി ഉച്ചരിക്കാനും മലയാളം പോലെ വഴങ്ങും. യുവജനോത്സവങ്ങളിലും ധ്യാനപ്രിയ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്കൂള്‍ യുവജനോത്സവത്തില്‍ അറബിക് മോണോആക്ടില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട് ധ്യാനപ്രിയ.
അനിയത്തി മേധപ്രിയയും ധ്യാനപ്രിയക്ക് പിന്നാലെ അറബി പഠിക്കുന്നുണ്ട്. സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കിയതോടെയാണ് ധ്യാനപ്രിയ അറബിക് ക്ലാസെടുക്കാന്‍ തുടങ്ങിയത്. വളരെ ലളിതമായാണ് ധ്യാനപ്രിയ സഹപാഠികള്‍ക്ക് അറബിക് ക്ലാസ്സെടുക്കുന്നത്.
Discussion about this post