ഇടുക്കി: മണ്ണിടിച്ചിലുണ്ടായ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ നിന്ന് ഇനി കണ്ടെത്താനുള്ളത് പതിനാല് പേരെ. അവസാനയാളെ കണ്ടെത്തും വരെയും തെരച്ചില്‍ തുടരാരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തെരച്ചില്‍ തുടരാന്‍ തീരുമാനമായത്.
ദുരന്തഭൂമിയില്‍ നിന്ന് ഇതുവരെ 56 മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയത്. പെട്ടിമുടിയില്‍ കഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്തായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ ഒരു മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. കന്നിയാറിലാണ് നിലവില്‍ പ്രധാനമായും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നത്. പെട്ടിമുടിയില്‍ നിന്ന് മാങ്കുളം വരെയുള്ള ഭാഗത്ത് യന്ത്രങ്ങള്‍ എത്തിച്ച് നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ പേരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍.
അതേസമയം ദുരന്തബാധിതര്‍ക്കുള്ള ധനസഹായം വേഗത്തിലാക്കും. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക റവന്യൂ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും സഹായം എത്തിക്കും.