പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് 19; ജയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും രോഗം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തടവുകാര്‍ക്ക് പുറമെ, ജയിലിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 115 പേര്‍ക്കാണ് ഇന്ന് പരിശോധന നടത്തിയത്. അതില്‍ 53 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജയിലിലെ കൊവിഡ് ബാധിതരുടെ എണ്ണം 217 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം തടവുകാരുടെ ഇടയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 63 തടവുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 52 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയ്ക്കും വഴിവെച്ചിട്ടുണ്ട്. ജയിലിലെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 101 തടവുകാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. ഇനിയും 850 ലധികം തടവുകാര്‍ക്ക് പരിശോധന നടത്താനുണ്ട്. കൂടാതെ തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലില്‍ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version