തിരുവനന്തപുരം: ടെലിവിഷന്‍ സംവാദങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞ് എംബി രാജേഷ്. അറിയാനും അറിയിക്കാനുമുള്ള സംവാദ വേദിയല്ല വാദിക്കാനും ജയിക്കാനുമുള്ള പോര്‍മുഖമാണ് സ്റ്റുഡിയോ മുറികള്‍ എന്നതാണ് ഇന്നത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് എംബി രാജേഷ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അട്ടഹാസം, ആക്രോശം, അധിക്ഷേപം, , ഏകപക്ഷീയത, അസന്തുലിതമായ പാനല്‍, മുന്‍കുട്ടി നിശ്ചയിച്ച അജണ്ടകള്‍ക്കു പാകത്തില്‍ വിഷയമേതായാലും ഒരേ നിരീക്ഷക സംഘം, വ്യക്തികളെ ഭര്‍ത്സിക്കല്‍, പരപുഛം, മറ്റൊരാള്‍ പറയുമ്പോള്‍ ഇടക്കു കയറി കലമ്പലുണ്ടാക്കുല്‍, ഉന്നത ജനാധിപത്യ മര്യാദകള്‍ പോയിട്ട് സാമാന്യ മര്യാദകളുടെ പോലും ലംഘനം, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, വാടാ പോടാ വിളികള്‍, ഭീഷണിപ്പെടുത്തലുകള്‍ ഇവയൊക്കെയാണിപ്പോള്‍ ടെലിവിഷന്‍ ചര്‍ച്ചകളുടെ മുഖമുദ്രകള്‍ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
നമ്മുടെ ടിവി ചര്‍ച്ചകളുടെ അധ:പതനം വ്യക്തമാക്കുന്ന, ഞെട്ടിച്ച രണ്ട് സമീപകാല സംഭവങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതെ വയ്യ. അതിലൊന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുമായുള്ള പോര്‍വിളിയാണ്. മറ്റൊന്ന് ഇതേ ബി.ജെ.പി. വക്താവിനോട് ഒരു ടെലിവിഷന്‍ ആങ്കര്‍ക്ക് പറയേണ്ടി വന്ന വാക്കുകളാണ്.’താങ്കള്‍ എന്നെ മുട്ടിലിഴച്ചിരിക്കുന്നു. വിജയിച്ചില്ലേ? ഇനി ചര്‍ച്ചയിലേക്ക് വരൂ ‘ എന്നായിരുന്നു ആ വാക്കുകള്‍.ടി.വി.ചര്‍ച്ചകളുടെ ഗതി ഇങ്ങനെയാണെങ്കില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രമല്ല പ്രേക്ഷകര്‍ക്കും ഹൃദയാഘാതമുണ്ടാകുന്ന കാലം വിദൂരമല്ലെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
കുറിപ്പിന്റെ പൂര്‍ണരൂപം
മരണത്തിലേക്ക് നയിക്കുന്ന ടെലിവിഷന്‍ സംവാദങ്ങള്‍
കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗി ഒരു ടെലിവിഷന്‍ ചര്‍ച്ചക്ക് തൊട്ടുപിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത് വലിയ ഞെട്ടലും വിവാദവുമായിരിക്കുകയാണ്. ആജ്തക് ചാനലിന്റെ ചര്‍ച്ചയില്‍ ബി.ജെ.പി. വക്താവ് സംബിത് പാത്ര നടത്തിയ വ്യക്തിപരമായി തളര്‍ത്തുന്ന, കടുത്ത വാക് പ്രയോഗങ്ങളാണ് മരണകാരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആരോപിക്കുന്നത്. ചില നേതാക്കള്‍ പാത്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഞാന്‍ ചര്‍ച്ച പൂര്‍ണ്ണമായും കണ്ടിട്ടില്ല. ട്വിറ്ററില്‍ പ്രചരിച്ച സംബിത് പാത്ര രാജീവിനോട് കയര്‍ക്കുന്ന ചില ക്ലിപ്പുകള്‍ മാത്രമേ കണ്ടിട്ടുള്ളൂ. എങ്കിലും പൊതുവായ ഒരു കാര്യം ഈ സന്ദര്‍ഭത്തില്‍ പറയേണ്ടിയിരിക്കുന്നു. അത് നമ്മുടെ ടെലിവിഷന്‍ സംവാദങ്ങളുടെ നിലവാരത്തകര്ച്ചയെക്കുറിച്ചാണ്. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് informed debate എന്നൊന്ന് ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. അറിയാനും അറിയിക്കാനുമുള്ള സംവാദ വേദിയല്ല വാദിക്കാനും ജയിക്കാനുമുള്ള പോര്‍മുഖമാണ് സ്റ്റുഡിയോ മുറികള്‍ എന്നതാണ് ഇന്നത്തെ അവസ്ഥ. മലയാളം ചാനലുകളും അതിന്റെ തനിപ്പകര്‍പ്പുകള്‍ തന്നെ. അട്ടഹാസം, ആക്രോശം, അധിക്ഷേപം, , ഏകപക്ഷീയത, അസന്തുലിതമായ പാനല്‍, മുന്‍കുട്ടി നിശ്ചയിച്ച അജണ്ടകള്‍ക്കു പാകത്തില്‍ വിഷയമേതായാലും ഒരേ നിരീക്ഷക സംഘം, വ്യക്തികളെ ഭര്‍ത്സിക്കല്‍, പരപുഛം, മറ്റൊരാള്‍ പറയുമ്പോള്‍ ഇടക്കു കയറി കലമ്പലുണ്ടാക്കുല്‍, ഉന്നത ജനാധിപത്യ മര്യാദകള്‍ പോയിട്ട് സാമാന്യ മര്യാദകളുടെ പോലും ലംഘനം, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, വാടാ പോടാ വിളികള്‍, ഭീഷണിപ്പെടുത്തലുകള്‍ ഇവയൊക്കെയാണിപ്പോള്‍ ടെലിവിഷന്‍ ചര്‍ച്ചകളുടെ മുഖമുദ്രകള്‍. അവിടെ പരസ്പര ബഹുമാനവും സംവാദവും വിരളമായിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞതുപോലെ ഗുസ്തി മല്‍സരത്തിന്റെ ഗോദ പോലെയാണിന്ന് സ്റ്റുഡിയോകള്‍.നിലപാട്, വീക്ഷണം എന്നിവ യുക്തിഭദ്രമായി അവതരിപ്പിക്കാനുള്ള ഇടമോ സാവകാശമോ ഇല്ല. ഈ അപചയത്തിന് മുഖ്യ ഉത്തരവാദികള്‍ അവതാരകര്‍ തന്നെ.അവരാണല്ലോ സംവാദത്തിന്റെ ഗതി നിയന്ത്രിക്കേണ്ടവര്‍. അവര്‍ തന്നെ ഈ പ്രവണതകളുടെയെല്ലാം ഭാഗമാകുന്നതു കാണാം. അസഹിഷ്ണുതയും അക്ഷമയും അധികാര ഭാവവുമാണ് അവരില്‍ പലരേയും ഭരിക്കുന്നത്. അതാണ് ചര്‍ച്ചാ വിപണിക്ക് വേണ്ടത് എന്നവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. നന്നായി ചര്‍ച്ചകള്‍ നയിച്ചിരുന്ന, നയിക്കാന്‍ കഴിവുള്ള അവതാരകര്‍ മലയാളത്തിലുണ്ട് എന്ന് വിദ്യാര്‍ത്ഥി കാലം മുതല്‍ ഏതാണ്ട് രണ്ടു പതിറ്റാണ്ടായി ടി.വി ചര്‍ച്ചകളുടെ ഭാഗമായ ഒരാള്‍ എന്ന നിലയില്‍ എനിക്ക് പറയാനാവും. പക്ഷേ അങ്ങിനെയുള്ളവര്‍ പോലും പിഴച്ച മാതൃക പിന്‍പറ്റുന്നത് നിരാശാജനകമാണെന്നു പറയട്ടെ.
അഹമ്മദ് പട്ടേല്‍, ശശി തരൂര്‍, മനീഷ് തിവാരി, രണ്‍ദീപ് സിങ്ങ് സുര്‍ ജേവാല തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാകെ വിഷലിപ്തവും മാരകവുമായി മാറിക്കൊണ്ടിരിക്കുന്ന ടെലിവിഷന്‍ ചര്‍ച്ചാ സംസ്കാരത്തിനെതിരെ നിശിത വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്. ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളാകെ ബഹിഷ്ക്കരിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിരിക്കുന്നു. സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ നിരന്തരമായി ലംഘിക്കപ്പെട്ടതോടെ ഒരു ചാനലില്‍ നിന്ന് സി.പി.ഐ (എം) വിട്ടു നില്‍ക്കാനെടുത്ത തീരുമാനത്തെ പരിഹസിച്ചവര്ക്ക് ഇപ്പോള്‍ എന്തു പറയാനുണ്ട്?
നമ്മുടെ ടിവി ചര്‍ച്ചകളുടെ അധ:പതനം വ്യക്തമാക്കുന്ന, ഞെട്ടിച്ച രണ്ട് സമീപകാല സംഭവങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാതെ വയ്യ. അതിലൊന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുമായുള്ള പോര്‍വിളിയാണ്.( വീഡിയോ കാണുക) മറ്റൊന്ന് ഇതേ ബി.ജെ.പി. വക്താവിനോട് ഒരു ടെലിവിഷന്‍ ആങ്കര്‍ക്ക് പറയേണ്ടി വന്ന വാക്കുകളാണ്.’താങ്കള്‍ എന്നെ മുട്ടിലിഴച്ചിരിക്കുന്നു. വിജയിച്ചില്ലേ? ഇനി ചര്‍ച്ചയിലേക്ക് വരൂ ‘ എന്നായിരുന്നു ആ വാക്കുകള്‍.ടി.വി.ചര്‍ച്ചകളുടെ ഗതി ഇങ്ങനെയാണെങ്കില്‍ പങ്കെടുക്കുന്നവര്‍ക്കു മാത്രമല്ല പ്രേക്ഷകര്‍ക്കും ഹൃദയാഘാതമുണ്ടാകുന്ന കാലം വിദൂരമല്ല.
ടെലിവിഷനിലെ സംവാദ മണ്ഡലത്തെ പോര്‍വിളികളില്‍ നിന്ന് മോചിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന് എല്ലാവരും മനസ്സിലാക്കുക. ആത്മപരിശോധനക്കും തിരുത്തലുകള്‍ക്കും എല്ലാവരും തയ്യാറാവുക.
Discussion about this post