തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കൂടുതൽ ആശങ്ക പകർന്നുകൊണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്പീക്കറും ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിൽ പോയിരുന്നു. ഒടുവിലിതാ ആശ്വാസമായി ആ വാർത്തയെത്തിയിരിക്കുകയാണ്. കൊവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയൻറേയും ആരോഗ്യ മന്ത്രി കെകെ ശൈലജയുടേയും ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവായിരിക്കുന്നു.
നേരത്തെ മന്ത്രിമാരായ വിഎസ് സുനിൽകുമാറിന്റെയും എസി മൊയ്തീന്റേയും ഇപി ജയരാജന്റേയും ആന്റിജൻ പരിശോധനാഫലം നെഗറ്റീവായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പർക്കത്തിൽ ആയതിനെ തുടർന്നാണ് മുഖ്യമന്ത്രിയടക്കം ഏഴ് മന്ത്രിമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
കരിപ്പൂർ വിമാനാപകട സമയത്താണ് കളക്ടറുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പർക്കത്തിൽ വന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. 7 മന്ത്രിമാരുംനിലവിൽ നിരീക്ഷണത്തിലാണുള്ളത്. ഇപി ജയരാജൻ, കെകെ ശൈലജ, എകെ ശശീന്ദ്രൻ, എസി മൊയ്തീൻ, വിഎസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ കെടി ജലീൽ എന്നീ മന്ത്രിമാരും സ്പീക്കർ ശ്രീരാമകൃഷ്ണനും നിരീക്ഷണത്തിലാണ്.
Discussion about this post