തൃശ്ശൂര്‍: ‘ഡ്രസ്സെല്ലാം പായ്ക്ക് ചെയ്തു വയ്ക്കണം. ഏഴു മണിയാകുമ്പോള്‍ ആംബുലന്‍സ് വരും’ കോവിഡ് പോസിറ്റീവാണെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിളിച്ചുപറഞ്ഞപ്പോള്‍ ആകെ തളര്‍ന്നുപോയിരുന്നു, പിന്നെ ധൈര്യം നല്കി കൂടെ നിന്നത് കുടുംബമാണ്’ കോവിഡ് ബാധിച്ചപ്പോഴുണ്ടായ അനുഭവം തുറന്നുപറയുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ ആനി ജോണ്‍.
ചാവക്കാട് താലൂക്കാശുപത്രിയില്‍ ആശാ വര്‍ക്കറായി ജോലി ചെയ്യുകയാണ് തൃശൂര്‍ മമ്മിയൂരുള്ള ആനി ജോണ്സണ്. ജൂണ്‍ ഒമ്പതിനാണ് ആനിക്ക് കോവിഡ് പരിശോധന നടത്തിയത്. പതിനൊന്നാം തീയ്യതി ഉച്ചയായപ്പോഴേക്കും പരിശോധനഫലം വന്നു. ആനിക്ക് കോവിഡ് പോസിറ്റീവായിരുന്നു.
”ജൂണ്‍ ഒന്പതിനു ഡ്യൂട്ടിക്കു ചെന്നപ്പോള്‍ ആശാ വര്‍ക്കര്‍മാര്‍ എല്ലാവരും കോവിഡ് പരിശോധനയ്ക്കുള്ള സ്രവം എടുക്കണമെന്നു അറിയിപ്പു വന്നു. ഞാനും എന്റെ കൂട്ടുകാരി ശൈലജയും കൂടിയാണ് പോയത്. അസുഖലക്ഷണങ്ങള്‍ ഇല്ലാത്തതു കൊണ്ട് പിറ്റേന്നും ഡ്യൂട്ടിക്കു പോയി. ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ വീടിന്റെ പിന്‍വശത്തെ കുളിമുറിയില്‍ വസ്ത്രങ്ങള്‍ അരമണിക്കൂര്‍ ക്ലോറിന്‍ വെള്ളത്തില്‍ മുക്കി വച്ചു കഴുകി, കുളിച്ചതിനു ശേഷമാണ് വീടിനുള്ളിലേക്ക് കയറുന്നത്.
പതിനൊന്നാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഫോണ്‍ വരുന്നത്.’നിങ്ങള്‍ ക്വാറന്റീനിലാണോ’ എന്നു ചോദിച്ച്. ‘അല്ല’ എന്നു പറഞ്ഞപ്പോള്‍ ‘പുറത്തേക്കൊന്നും പോകണ്ട’ എന്നു നിര്‍ദേശവും തന്നു. ആറര മണിയായപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിളിച്ചു. ‘ഡ്രസ്സെല്ലാം പായ്ക്ക് ചെയ്തു വയ്ക്കണം. ഏഴു മണിയാകുമ്പോള്‍ ആംബുലന്‍സ് വരും’ ഇത് കേട്ടപ്പോള്‍ ആകെ തളര്‍ന്നുപോയിരുന്നു- ആനി ജോണ്‍ പറയുന്നു.
എനിക്ക് മൂന്നു മക്കളാണ്.രണ്ടു ദിവസം കഴിഞ്ഞാല്‍ മൂത്ത മകന്റെ മനസ്സമ്മതം നിശ്ചയിച്ചിരുന്നു. എല്ലാ ഒരുക്കങ്ങളും നടത്തി കഴിഞ്ഞതാണ്. പെട്ടെന്നു പുറപ്പെടാന്‍ പറഞ്ഞപ്പോള്‍ വിഷമമായി. അവരെല്ലാം കൂടി എന്നെ ധൈര്യപ്പെടുത്തി. ദൈവം എന്തോ ശക്തി തന്നതുപോലെയെന്നും ആനി കൂട്ടിച്ചേര്‍ത്തു.
ഏഴു മണിക്ക് ആംബുലന്‍സു വന്നു. വാതില്‍ തുറന്നു തന്നു കയറാന്‍ നോക്കുമ്പോഴുണ്ട് ശൈലജ വണ്ടിയിലിരിക്കുന്നു. മാസ്ക്കും ഗ്ലൗസും ധരിച്ച് ആംബുലന്‍സില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലേക്കാണ് കൊണ്ടുപോയത്. ഞാനും ശൈലജയും ഒരു റൂമിലായിരുന്നു.
കുടിക്കാനും ഗാര്‍ഗിള്‍ ചെയ്യാനും ചൂടുവെള്ളം, കാലത്ത് ഒന്‍പത് മണിയാകുമ്പോള്‍ പ്രഭാതഭക്ഷണവും ചായയും. ഉച്ചയ്ക്ക് ചോറിനു കറിയായി സാമ്പാറും തോരനുമൊക്കെയുണ്ടാകും. നാലു മണിക്ക് കാപ്പി. വൈകീട്ട് ചപ്പാത്തിയും കറിയും. എല്ലാം നല്ല ചൂടുള്ള ഭക്ഷണം. വൈറ്റമിന്‍ ഡി ഗുളികകള്‍ രണ്ടുനേരം. എന്നും രണ്ടു മാസ്ക്കും ഗ്ലൗസും തരും. എപ്പോഴും നഴ്സുമാരോ ഡോക്ടര്‍മാരോ വന്നു അന്വേഷിക്കും.- ആനി പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നടത്തിയ ആനിയുടെ അടുത്ത ടെസ്റ്റില്‍ റിസല്‍റ്റ് കോവിഡ് നെഗറ്റിവായിരുന്നു. തുടര്‍ന്ന് ആനിയെ അഞ്ചു ദിവസം കഴിഞ്ഞ് മെഡിക്കല്‍ കോളജിനു തൊട്ടടുത്തുള്ള ആശുപത്രിയിലെ വാര്‍ഡിലേക്കു മാറ്റി.
പിന്നീട് അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടിലേക്കും. ഭര്‍ത്താവിനും മക്കള്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നുവെന്നും ഭാഗ്യത്തിന് എല്ലാവര്ക്കും കോവിഡ് നെഗറ്റിവായിരുന്നുവെന്നും ആനി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് ആനി. എല്ലാം കഴിഞ്ഞിട്ടു വേണം മകന്റെ മനസ്സമ്മതം നടത്താനെന്ന് ആനി പറയുന്നു.
Discussion about this post