കാസർകോട്: കാസർകോട് ബ്‌ളാലിൽ മരിച്ച പതിനാറുകാരി ആനി ബെന്നിയുടെ മരണം കൊലപാതകമെന്ന് പോലീസ്. സഹോദരൻ ആൽബിൻ ഐസ്‌ക്രീമിൽ വിഷം കലർത്തി ആനി ബെന്നിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു. സമീപത്തെ ബേക്കറിയിൽ നിന്നും ഐസ്‌ക്രീം ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങിച്ച് ആനി ബെന്നി വീട്ടിൽ വെച്ച് ഐസ്‌ക്രീം ഉണ്ടാക്കി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ഛർദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ ആനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നിലഗുരുതരമാകുകയുമായിരുന്നു.
ആഗസ്റ്റ് അഞ്ചിന് ആനി ബെന്നി മരിച്ചു. പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് മൂവരും കഴിച്ച ഐസ്‌ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടർമാർ കണ്ടെത്തി. സഹോദരന് ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കൽ പരിശോധനയിൽ ഇയാൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതാണ് കേസിൽ നിർണായകമായത്. കുടുംബത്തിലെ ഒരാൾക്ക് മാത്രം ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നത് ഡോക്ടർമാർക്ക് സംശയമുണ്ടാക്കി.
തുടർന്ന് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയെ ഐസ്‌ക്രീമിൽ വിഷം കലർത്തി ഇരുപത്തിരണ്ടുകാരനായ സഹോദരൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അച്ഛൻ ബെന്നിയുടെ നില അതീവഗുരുതരമാണ്. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സഹോദരൻ ആൽബിൽ വെള്ളരിക്കുണ്ട് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിച്ചില്ല.