തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അപായപ്പെടുത്തിയതിനെ തുടർന്നാണെന്ന കലാഭവൻ സോബിയുടെ മൊഴിയിൽ സിബിഐ സംഘം തെളിവെടുപ്പ്. കേസിലെ സാക്ഷിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കലാഭവൻ സോബിയുമായിട്ടാണ് സംഘത്തിന്റെ തെളിവെടുപ്പ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വയലിനിസ്റ്റ് ബാലഭാസ്ക്കറും മകളും കൊല്ലപ്പെട്ട അപകടം നടന്ന സ്ഥലത്ത് സംഘമെത്തി.
അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്കറിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ചിരുന്നെന്നാണ് സോബിയുടെ മൊഴി. ബാലഭാസ്കറിന്റെ വാഹനത്തോട് സാമ്യമുള്ള വാഹനത്തിനു നേരെ ഒരു സംഘം ആളുകൾ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുൻ സീറ്റിൽ അവശ നിലയിൽ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബിയുടെ മൊഴി. അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റർ അകലെയുള്ള പെട്രോൾ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ ഇന്ന് നടത്തുന്നത്.
ബാലഭാസ്കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്ന സംശയം ദുരീകരിക്കലും സിബിഐ ഉദ്ദേശിക്കുന്നുണ്ട്. ബാലഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ ബന്ധുക്കൾ നേരത്തെ തള്ളിയിരുന്നു. ഡ്രൈവർ അർജുനെ മറയാക്കി സ്വർണ്ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.
Discussion about this post