ചാലക്കുടിയില്‍ മീന്‍ വണ്ടിയില്‍ കടത്തിയ ഒരു കോടി രൂപയുടെ കഞ്ചാവ് പിടികൂടി; കൊല്ലം സ്വദേശി പിടിയില്‍

ചാലക്കുടി: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. മീന്‍ വണ്ടിയില്‍ കടത്തിയ 140 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും. സംഭവത്തില്‍ കൊല്ലം സ്വദേശിയായ അരുണ്‍ പോലീസ് പിടിയിലായി. മറ്റൊരാള്‍ ഓടി രക്ഷപെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ചത് പറവൂര്‍ സ്വദേശിയുടെ വാഹനമാണ്. ഈ വണ്ടിയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പോലീസുകാര്‍ അഞ്ചു സംഘമായി തിരിഞ്ഞായിരുന്നു ഓപ്പറേഷന്‍. വിശാഖപട്ടണത്തു നിന്നും ഫ്രീസര്‍ സംവിധാനമുള്ള മീന്‍ വണ്ടിയില്‍ രഹസ്യമായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

മീന്‍ കൊണ്ടുവരുന്ന ബോക്‌സുകള്‍ക്കിടയില്‍ ആറ് വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയക്കായി കൊണ്ടുവന്നതാണ് ഈ കഞ്ചാവ് എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version