ഇടുക്കി: മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടി മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാര്‍ ആനച്ചാലിലെത്തി തുടര്‍ന്ന് റോഡ് മാര്‍ഗമായിരിക്കും ഇവര്‍ പെട്ടിമുടിയിലേക്ക് പോവുക.
അതേസമയം പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായതിന് ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. നിലവില്‍ കന്നിയാര്‍ കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നത്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന ചെളിയടിഞ്ഞ് നിരപ്പായ ഇവിടെ കയര്‍ കെട്ടി ഇറങ്ങിയാണ് തെരച്ചില്‍ നടത്തുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് കന്നിയാറിന് തീരത്തെ മണല്‍തിട്ടകള്‍ ഇടിച്ച് നിരത്തിയും പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമെ കന്നിയാറിന് അപ്പുറത്തെ വനത്തിലും സംഘം പരിശോധന നടത്തുന്നുണ്ട്. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയില്‍ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ പുഴയില്‍ ഒലിച്ച് പോയിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. ഇനി കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്.
Discussion about this post