മുഖ്യമന്ത്രി നാളെ പെട്ടിമുടി സന്ദര്‍ശിക്കും; ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഉണ്ടാകും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും. നാളെ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും പുറപ്പെടും. മൂന്നാറിലെ ആനച്ചാലില്‍ ഹെലികോപ്റ്റര്‍ ലാന്റ് ചെയ്ത ശേഷം അവിടെ നിന്നും വാഹനത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലയിലെത്തും.

ദുരന്തത്തില്‍പ്പെട്ടവരുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. വിശദമായ ചര്‍ച്ചക്ക് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

അതേസമയം രാജമല പെട്ടിമുടിയില്‍ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി. കഴിഞ്ഞ ദിവസം കണ്ടെടുത്ത ആറു മൃതദേഹങ്ങളും പുഴയില്‍ നിന്നു തന്നെയാണ് കണ്ടെത്തിയത്. അപകടം നടന്ന് അഞ്ച് ദിവസം കഴിയുമ്പോഴും പതിനഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെത്താനുണ്ട്. ഇനി കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്. കാലാവസ്ഥയാണ് പ്രതികൂലമായി നില്‍ക്കുന്നത്. ഇവിടെ ഇപ്പോഴും തോരാതെ മഴ പെയ്യുകയാണ്.

പുഴ കേന്ദ്രീകരിച്ചാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. പല ടീമുകളായി തിരിഞ്ഞ് പെട്ടിമുടിയാറിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയില്‍ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ പുഴയില്‍ ഒലിച്ച് പോയിരിക്കാമെന്നാണ് ദൗത്യസംഘത്തിന്റെ നിഗമനം.

Exit mobile version