ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ മത്സ്യബന്ധനം പുനഃരാരംഭിക്കാന്‍ അനുമതി. അതേസമയം കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ അറിയിച്ചു. രാവിലെ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്താണ് മത്സ്യബന്ധനം അനുവദിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാലിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം.
മത്സ്യബന്ധന ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട നമ്പര്‍ ബോട്ടുകള്‍ കടലിലിറക്കാം. വളഞ്ഞവഴി, അഞ്ചാലുംകാവ്, വലിയഴീക്കല്‍ എന്നിവിടങ്ങളിലെ ലാന്റിംഗ് സെന്ററുകളില്‍ നിന്ന് മാത്രമേ പോകാവൂ.
അതേസമയം മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ അതത് മത്സ്യഭവനുകളില്‍ നിന്ന് കാര്‍ഡുകള്‍ വാങ്ങണമെന്നും അധികൃതര്‍ അറിയിച്ചു. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ രേഖകള്‍, പോകുന്നതൊഴിലാളികളുടെ എണ്ണം, പേരുകള്‍, ആധാര്‍ കാര്‍ഡുകള്‍ എന്നിവയുമായി മത്സ്യഭവനിലെത്തിയാല്‍ കാര്‍ഡുകള്‍ ലഭിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 4 മണിവരെ മത്സ്യബന്ധനത്തിന് പോകാന്‍ അനുവദിക്കുന്നവരുടെ രജിസ്‌ട്രേഷനും കാര്‍ഡ് വിതരണവും കുന്തല (തോട്ടപ്പള്ളി) മത്സ്യഭവന്‍, അമ്പലപ്പുഴ മത്സ്യഭവന്‍, തറയില്‍കടവ് മത്സ്യഫെഡ് ക്‌ളസ്റ്റര്‍ ഓഫീസ് എന്നിവിടങ്ങളില്‍ നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.