അടിമാലി: സ്‌കൂള്‍ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞ് 40 വിദ്യാര്‍ത്ഥികള്‍ അടക്കം 44 പേര്‍ക്ക് പരിക്ക്. 40 പെണ്‍കുട്ടികളും,നാല് അധ്യാപികമാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
തൃശൂര്‍ പഴയന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന വാഹനത്തില്‍ 40 പെണ്‍കുട്ടികളും, നാല് അധ്യാപികമാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതേ സ്‌കൂളിലെ ആണ്‍കുട്ടികള്‍ പിന്നാലെ മറ്റൊരു ബസ്സിലായിരുന്നു
മൂന്നാറില്‍ നിന്ന് അടിമാലിയ്ക്ക് വരികയായിരുന്ന കാറിന് വശം കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞാണ് അപകടം. റോഡില്‍ നിന്നും രണ്ട് തവണ മറിഞ്ഞ ബസ് രണ്ട് മരത്തില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത 85ല്‍ അടിമാലിയ്ക്ക് സമീപം കല്ലാര്‍ കമ്പി ലൈനില്‍ രാത്രി ഏഴിനാണ് അപകടം. വിദ്യാര്‍ത്ഥികളായ വിദ്യാ(17),അര്‍ച്ചന(17),അന്ജു(18) അനീന(17) നിയ(17) അക്ഷര(18)അജ്ലി(18) അനീസ(18) ആവണി(16) അസ്‌ന(17) അനീഷ(17),സ്നേഹ(17),സംഗീത(17),ശ്രീകുട്ടി(17),ഷീന(17),അഗ്ന(17) മിഷ(18) മാളവിക(18)സ്നേഹ(18),പ്രവീണ(17),അനീന(17),നീയ(17),അജ്‌നു(17) അധ്യാപകരായ പാത്തുമത്ത് (42) ശ്രീകല(42) മിനി(40) സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ത്രേസ്യാമ്മ(52) ബസ് ഡ്രൈവര്‍ തൃശൂര്‍ പൂവന്നൂര്‍ കുളങ്ങര അനസ് (26), ബസ് ഉടമ സാന്റോ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിങ്കളാഴ്ച്ച രാത്രിയിലാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും തിരിച്ചത്. വീതി കുറഞ്ഞ റോഡും കൊടും വളവും സ്ഥലത്തിന്റെ പരിചയക്കുറവും അപകടത്തിന് കാരണമായതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച അടിമാലിയില്‍ തങ്ങി ബുധനാഴ്ച്ച വീഗാലാന്റ് സന്ദര്‍ശിച്ച് മടങ്ങാനിരിക്കെയാണ് പാതിവഴിയില്‍ യാത്രമുടക്കി അപകടമെത്തിയത്.