മുംബൈ: കരിപ്പൂർ വിമാനാപകടത്തിൽ നിരവധി ജീവനുകൾ രക്ഷിച്ചതിനു ശേഷം മരണത്തിന് കീഴടങ്ങിയ എയർഇന്ത്യ എക്സ്പ്രസ് പൈലറ്റും മുൻ വ്യോമസേന വിങ് കമാൻഡറുമായിരുന്ന ക്യാപ്റ്റൻ ദീപക് സാഠെയ്ക്ക് യാത്രാമൊഴി. ദീപക് സാഠേയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു.
ഞായറാഴ്ചയോടെ മുംബൈയിലെത്തിച്ച മൃതദേഹം ബാബ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാര്യ സുഷമ നാം ജോഷിയും ഇളയ മകൻ ധനഞ്ജയ് സാഠെയും ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു. അമേരിക്കയിലായിരുന്ന മൂത്തമകൻ ശാന്തനു സാഠെ, മരുമകൾ വൈഭവി എന്നിവരെ കാത്താണ് സംസ്കാരം ചൊവ്വാഴ്ചയിലേക്ക് നീട്ടിയത്.
ബാബ ആശുപത്രിയിൽ സൂക്ഷിച്ച ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് പവായ് ചാന്ത്വാലിയിലെ ഫ്ളാറ്റിൽ കൊണ്ടുവന്നത്. നാഗ്പുരിലായിരുന്ന അച്ഛൻ റിട്ട. ബ്രിഗേഡിയർ വസന്ത് സാഠെയും അമ്മ നീല സാഠെയും മകനെ അവസാനമായി കാണാനെത്തി.
സാഠെ 21 വർഷം വിങ് കമാൻഡറായി സേവനം അനുഷ്ഠിച്ചിരുന്ന വ്യോമസേന റീത്ത് സമർപ്പിച്ചു. 11.30 ഓടെ വിക്രോളിയിലെ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോയി. വിലാപ യാത്രക്കിടെ റോഡിന്റെ ഇരുവശങ്ങളിലും ബാൽക്കണികളിലും നിന്നവർ ‘അമർ രഹെ’ എന്ന് വിളിച്ചുപറഞ്ഞും സല്യൂട്ട് ചെയ്തും ആദരമർപ്പിച്ചു.
Discussion about this post