കോഴിക്കോട്: പെരുമഴയടക്കം നടനഞ്ഞ് റോഡിൽ വീണുകിടന്ന വയോധികനെ തിരിഞ്ഞു നോക്കാതെ മരണത്തിലേക്ക് തള്ളിവിട്ട് നാട്ടുകാരും പോലീസും. ഒരു മണിക്കൂറിലേറെ റോഡരികിൽ വീണുകിടന്ന അജ്ഞാതനെ ഒടുവിൽ മരിച്ചനിലയിലാണ് ആംബുലൻസെത്തി ആശുപത്രിയിലെത്തിച്ചത്.
കോഴിക്കോട് നഗരത്തിലെ ചെറൂട്ടി റോഡ് ജങ്ഷന് സമീപം റെഡ് ക്രോസ് റോഡിൽ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. അറുപത് വയസ് തോന്നിക്കുന്നയാൾ ഓവ് ചാലിന് മുകളിൽ കമിഴ്ന്ന് വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു. കൈയ്യിൽ മരുന്ന് ശീട്ടും ചെറിയ ബാഗുമുണ്ടായിരുന്നു.
ദൃക്സാക്ഷികൾ വിവരമറിയിച്ചെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് 108 ആംബുലൻസ് എത്തിയതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പോലീസിനെയും നാട്ടുകാർ വിവരമറിയിച്ചിരുന്നു. കൊവിഡ് കാലമായതിനാൽ പിപിഇ കിറ്റ് ധരിച്ചേ വീണുകിടക്കുന്നയാളെ ആശുപത്രിയിലെത്തിക്കാനാവൂ എന്ന നിലപാട് അതുവഴി വന്ന പോലീസും സ്വീകരിച്ചതോടെ സഹായിക്കാനെത്തിയ നാട്ടുകാരും പിന്മാറി.
ഇതിനിടെ പെരുമഴയും പെയ്തു. ഒടുവിൽ ഏറെ വൈകി എല്ലാം കഴിഞ്ഞ് ആംബുലൻസ് വന്ന് ഇയാളെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ടൗൺ പോലിസാണ് അജ്ഞാതനെ മരിച്ച നിലയിൽ മെഡി.കോളജിൽ എത്തിച്ചത്.
Discussion about this post