വില്ലേജ് ഓഫീസര്‍ കൈഞരന്‍പ് മുറിച്ച സംഭവം: വനിതാ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു

തൃശൂര്‍: പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കി.തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്കാണ് പി. മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

ആത്മഹത്യാശ്രമം കുറ്റകരമാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. അമിതമായ രാഷ്ട്രീയ സ്വാധീനം കാരണം സ്ഥലം മാറ്റത്തിന് ശ്രമിക്കുന്നതിനിടയിലാണ് വനിതാ വില്ലേജ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. നിരന്തര മാനസിക പീഡനമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. തൃശൂര്‍ തഹസില്‍ദാരോടും ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന പൊതുജനങ്ങളുടെ പരാതിയില്‍ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഘെരാവോ ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സിഎന്‍ സിമി കൈ ഞരന്‍പ് മുറിക്കുകയായിരുന്നു.

Exit mobile version