തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ വയോജന കേന്ദ്രങ്ങളിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചു. ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സാമൂഹ്യ സുരക്ഷാ മിഷനും സഹകരിച്ചാണ് പരിശോധന നടത്തുക. 619 വൃദ്ധ സദനങ്ങളിലെ 21,000 അന്തേവാസികളെ പരിശോധിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗ്രാന്റ് കെയർ പദ്ധതി പ്രകാരം വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
ആരോഗ്യ വകുപ്പും എൻഎച്ച്എമ്മും സാമൂഹ്യനീതി വകുപ്പും സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ആക്ഷൻപ്ലാൻ ആരോഗ്യ വകുപ്പ് എൻസിഡി ഡിവിഷൻ തയ്യാറാക്കിയതായും മന്ത്രി വ്യക്തമാക്കി. പരിശോധനയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സിഎഫ്എൽടിസി ആക്കും. ഒന്നോ രണ്ടോ കേസുകൾ മാത്രമുണ്ടെങ്കിൽ അവരെ തൊട്ടടുത്തുള്ള സിഎഫ്എൽടിസിയിലേക്ക് മാറ്റും.
കെയർ ഹോമിന് പുറത്തുള്ള വയോജനങ്ങളുടെ കേസുകൾ പരിശോധിക്കുന്നതിന് കുടുംബശ്രീയുടെ ഗ്രാന്റ് കെയർ ആപ്പ് ഉപയോഗിക്കുന്നതാണ്. പഞ്ചായത്ത് ബ്ലോക്ക് തലത്തിൽ ഐസിഡിഎസ് സൂപ്പർവൈസർമാർ, സിഡിപിഒ എന്നിവർ കൺസൾട്ടന്റായി മോണിറ്റർ ചെയ്ത് 47 ലക്ഷം വയോജനങ്ങളേയും സമീപിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു. കൂടാതെ ജില്ലാ തലത്തിൽ പ്രോഗ്രാം ഓഫീസർമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഡിഎംഒയുടെ പ്രതിനിധി, കുടുംബശ്രീയുടെ ജില്ലാ കോഓർഡിനേറ്റർ എന്നിവർ സംയുക്തമായി നിരീക്ഷിച്ച് എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും കണക്കുകൾ പരിശോധിച്ചുവരുന്നു. ജില്ലാതല വയോജന സെൽ ശക്തിപ്പെടുത്തി കോൾസെന്റർ സജ്ജമാക്കി വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post